ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ മന്ദഗതിയിലാണെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
വാക്‌സിന്‍ ഉത്പാദനം ഒരു രാത്രികൊണ്ട് ചെയ്യാവുന്ന പണിയല്ല. നിരവധി ഘട്ടങ്ങളിലൂടെ മാത്രമേ വാക്‌സിന്‍ വികസനം സാധ്യമാകു. ഉത്പാദിപ്പിച്ച വാക്‌സിന്‍ ഉടനടി വിതരണം ചെയ്യാനാകില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് വാക്‌സിനേഷന് വേഗത കൂട്ടിയില്ലെങ്കില്‍ വൈറസിന് കൂടുതല്‍ വകഭേദം സംഭവിച്ച് മൂന്നാം തരംഗത്തിലൂടെ ഏറെ അപകടകാരിയാകുമെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
പ്രധാനമന്ത്രി തന്ത്രപരമായി ചിന്തിക്കുന്നേയില്ല. അദ്ദേഹം ഒരു ഇവന്റ് മാനേജറാണ്. ഈയവസരത്തില്‍ നമുക്ക് സംഭവങ്ങളല്ല, നയങ്ങളാണ് വേണ്ടത്. മനുഷ്യര്‍ മരിച്ചുവീഴുന്ന ഈ സന്ദര്‍ഭത്തിലെങ്കിലും മോദി ഒരു വാക്‌സിന്‍ നയം രൂപീകരിക്കണമെന്നും രാഹുല്‍ പറഞ്ഞു.