32.3 C
Kottayam
Wednesday, April 24, 2024

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചേക്കും, തലസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങൾ

Must read

ന്യൂഡൽഹി : എൻഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് നിരോധനം ചർച്ച ചെയ്ത് ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്ത യോഗം സ്ഥിതി വിലയിരുത്തി. യുപി പോലുള്ള ചില സംസ്ഥാനങ്ങൾ പിഎഫ്ഐ നിരോധിക്കണം എന്ന നിലപാട് നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

പോപ്പുലർ ഫ്രണ്ട് ഭീകരസംഘനയാണെന്ന് സിദ്ദിഖ് കാപ്പൻറെ കേസ് പരിഗണിച്ചപ്പോൾ യുപി സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനം വൈകാതെയുണ്ടാകുമെന്നാണ് സൂചന. 

ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎ രാജ്യവ്യാപക റെയ്ഡും അറസ്റ്റും ഇന്ന് പുലർച്ചെ ആരംഭിച്ചത്. പതിനൊന്ന് സംസ്ഥാനങ്ങളിൽ നിന്നായി 106 പേരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. പുലർച്ചെ ഒരു മണിക്ക് തുടങ്ങിയ രഹസ്യ ഓപ്പറേഷൻ പല സംസ്ഥാന സർക്കാരുകളും അറിയാതെയാണ് എൻഐഎ നടപ്പാക്കിയത്.  കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എൻഐഎ ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്.

റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറ് കൺട്രോൾ റൂമുകൾ തയ്യാറാക്കിയിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഓപ്പറേഷൻ നിരീക്ഷിച്ചുവെന്നാണ് സൂചന. അജിത് ഡോവലും എൻഐഎ ഡിജി ദിൻകർ ഗുപ്തയും അമിത് ഷായെ കണ്ട് വിവരങ്ങൾ നല്കി. പോപ്പുലർ ഫ്രണ്ട് നിരോധനം അമിത് ഷാ വിളിച്ച യോഗം ചർച്ച ചെയ്തു. 

തെക്കേ ഇന്ത്യയ്ക്കും ഡൽഹിയ്ക്കും മഹാരാഷ്ട്രയ്ക്കും പുറമെ അസമിലും ബീഹാറിലും യുപിയിലും ബംഗാളിലുമൊക്കെ റെയിഡ് നടന്നു.  ഭീകരവാദത്തിന് പണം വന്നതിനും, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയതിനും, നിരോധിച്ച സംഘടനകളിൽ ആളെ ചേർക്കുന്നതിനുമാണ് കേസെടുത്തത്. ആന്ധ്ര പ്രദേശിലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ കേസും അടുത്തിടെ എൻഐഎ ഏറ്റെടുത്തിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week