വായ്പാ മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കുകൂടി നീട്ടാന്‍ തയാറെന്നു കേന്ദ്രം സുപ്രീം കോടതയില്‍

ന്യൂഡല്‍ഹി: വായ്പാ മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കുകൂടി നീട്ടാന്‍ തയാറെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹര്‍ജി വീണ്ടും ബുധനാഴ്ച പരിഗണിക്കും. അതേസമയം, ഇക്കാലയളവിലെ പലിശ എഴുതിത്തള്ളുന്നതു സംബന്ധിച്ച് ഉറപ്പുപറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല.

ഇക്കാര്യത്തില്‍ ആര്‍ബിഐ, ബാങ്കേഴ്‌സ് അസോസിയേഷന്‍ എന്നിവരുമായി കേന്ദ്രം കൂടിയാലോചനകള്‍ നടത്തി തീരുമാനം കൈക്കൊള്ളുമെന്നു കേന്ദ്രത്തിനായി സുപ്രീം കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 23 ശതമാനം ഇടിഞ്ഞ കാര്യവും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറു മാസത്തെ മൊറട്ടോറിയം കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതോടെ ചൊവ്വാഴ്ച മുതല്‍ വായ്പകള്‍ തിരിച്ചടയ്‌ക്കേണ്ടിവരും.

മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിച്ചവര്‍ ആറു ഗഡുക്കള്‍ അധികമായും, അതിന്റെ പലിശയും അടയ്ക്കണം. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ വന്നതോടെയാണു റിസര്‍വ് ബാങ്ക് മൂന്നു മാസത്തേക്കു മൊറട്ടോറിയം പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം തുടര്‍ന്നതോടെ പിന്നാലെ മൂന്നു മാസത്തേക്കു കൂടി ഇതു ദീര്‍ഘിപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News