കൊച്ചി:സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ കാതലിക് ഫോറം പ്രസിഡന്റ് ബിനു ചാക്കോയ്ക്ക് എതിരെ കൂടുതല്‍ കേസുകള്‍. അഞ്ചിലധികം പരാതികളാണ് ഇയാള്‍ക്കെതിരെ ഇതുവരെ വന്നതെന്നാണ് ലഭിക്കുന്ന വിവരം. എല്ലാം തന്നെ വന്‍തുകകള്‍ തട്ടിച്ചുവെന്ന പരാതികളാണ്.
നേരത്തെ വെള്ളിയാഴ്ച രാത്രിയാണ് ബിനു ചാക്കോയെ കോട്ടയത്തുനിന്നും പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് ഇടുക്കി സ്വദേശിനിയായ യുവതിയില്‍ നിന്നും മൂന്നരലക്ഷം രൂപ തട്ടിയ കേസിലായിരുന്നു അറസ്റ്റ്. സമാന രീതിയില്‍ ഇയാള്‍ പലരോടും പണം തട്ടിയെടുത്തുവെന്നാണ് പോലീസ് പറയുന്നത്.
ഒരു വര്‍ഷം മുമ്പ് എംബിബിഎസ് സീറ്റ് നല്‍കാമെന്നു പറഞ്ഞ് ആലപ്പുഴ സ്വദേശിയില്‍ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ബിനു ചാക്കോയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാള്‍ പുതിയ തട്ടിപ്പു നടത്തിയത്. മുമ്പ് റെയില്‍വേയുടെ വ്യാജ രേഖ ചമച്ച് കോടികള്‍ തട്ടിയ കേസിലും ബിനു പ്രതിയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് മാധ്യമങ്ങളില്‍ ചര്‍ച്ചയായപ്പോഴാണ് ബിനു ചാക്കോ സഭയുടെ പേരില്‍ ചാനലുകളില്‍ ചര്‍ച്ചയ്ക്ക് എത്തിത്തുടങ്ങിയത്. തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പിനായി വാദിച്ച് ഇയാള്‍ ചാനലുകളില്‍ സജീവമായി.
ഇന്ത്യന്‍ കാതലിക് ഫോറം എന്ന സംഘടനയുടെ പ്രതിനിധിയായാണ് ബിനു ചാക്കോ ആദ്യം ചാനലുകളില്‍ എത്തിയിരുന്നത്. എന്നാല്‍ സിറോമലബാര്‍ സഭയുടെ രണ്ടുവര്‍ഷം മുമ്പുനടന്ന ഒരു സിനഡ് സമ്മേളനം ഇത്തരം സംഘടനകളൊന്നും സഭയുടെ അംഗീകാരമുള്ളതല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനിടെ തട്ടിപ്പു കേസുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കാതലിക് ഫോറം ബിനുവിനെ പുറത്താക്കി.
പിന്നീട് ബിനുവും അയാളുടെ സുഹൃത്തും ചേര്‍ന്ന് കാതലിക് ഫോറമെന്ന സംഘടനയുമായി രംഗത്തുവരികയായിരുന്നു. രണ്ടംഗങ്ങള്‍ മാത്രമുള്ള ഈ സംഘടനയുടെ മറവിലായിരുന്നു പിന്നീടുള്ള തട്ടിപ്പുകളെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതിനിടെ ഇയാളെ സഭാ പ്രതിനിധിയായി ചാനല്‍ ചര്‍ച്ചകളില്‍ വിളിക്കരുതെന്ന് സഭതന്നെ പലവട്ടം ചാനല്‍ അധികൃതരെ അറിയിച്ചിരുന്നു.
എന്നാല്‍ സഭയെ അപമാനിക്കണെമന്ന ഉദ്ദേശത്തോടെ തന്നെ ചില ചാനലുകള്‍ ബിനുവിനെ നിരന്തരം ഫ്രയിമില്‍ ഇരുത്തിയിരുന്നു. കഴിഞ്ഞ തവണ അറസ്റ്റിലായ ശേഷവും ഇയാളെ ചാനല്‍ ചര്‍ച്ചകളില്‍ വിളിച്ചിരുന്നു.
ഈ ചര്‍ച്ചകളുടെയൊക്കെ പിന്‍ബലത്തിലും ഇത്തരം ബന്ധങ്ങള്‍ കാണിച്ചുമായിരുന്നു ഇയാളുടെ തട്ടിപ്പ്. രൂപതാ ആസ്ഥാനങ്ങളില്‍ വരെ ജോലി വാങ്ങിക്കൊടുക്കാമെന്ന് കാണിച്ച് ലക്ഷങ്ങളാണ് ബിനു തട്ടിയെടുത്തതെന്നാണ് വിവരം.