29.1 C
Kottayam
Friday, May 3, 2024

കുട്ടികളുമായി നഗരത്തിലെത്തി, 15 രക്ഷിതാക്കള്‍ക്കെതിരെ കോഴിക്കോട് കേസെടുത്തു

Must read

കോഴിക്കോട് : സിറ്റി പോലീസ് പരിധിയിൽ തിങ്കളാഴ്ച 10 വയസ്സിനു താഴെയുള്ള കുട്ടികളുമായി നഗരത്തിലെത്തിയ 15 രക്ഷിതാക്കളുടെ പേരിൽ പോലീസ് കേസെടുത്തു.മാസ്ക് ധരിക്കാത്തതിന് 256 കേസുകളും സാമൂഹിക അകലം പാലിക്കാത്തതിന് 259 കേസുകളും ഉൾപ്പെടെ കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾക്ക് 763 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പരിധിയിൽ അനാവശ്യമായി യാത്രചെയ്ത 273 വാഹനങ്ങളും പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ 124 കടകൾ അടപ്പിച്ചു.

ഇതിനിടെ മിഠായിത്തെരുവിൽ തെരുവുകച്ചവടം ചെയ്യാനെത്തിയവരെ പോലീസ് തടഞ്ഞു. മണിക്കൂറുകൾനീണ്ട തർക്കത്തിനൊടുവിൽ കോർപ്പറേഷൻ വെൻഡിങ് കമ്മിറ്റി യോഗം ചേർന്ന് ഒരേസമയം 36 തെരുവുവ്യാപാരികൾക്ക് കച്ചവടം ചെയ്യാൻ അനുമതി നൽകി. തിങ്കളാഴ്ച രാവിലെയാണ് സൗത്ത് അസി. കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെരുവുകച്ചവടം തടഞ്ഞത്. വ്യാപാരസ്ഥാപനങ്ങൾക്കുമാത്രമേ അനുമതിയുള്ളൂവെന്നും സാധനങ്ങളെല്ലാം എടുത്തുകൊണ്ടുപോകണമെന്നും തെരുവുകച്ചവടക്കാരോട് പോലീസ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ എടുത്തുമാറ്റുമെന്ന് പോലീസ് പറഞ്ഞതോടെ കച്ചവടക്കാർ എതിർത്തു. ഇത് അല്പം വാക്കേറ്റത്തിനിടയാക്കി. തുടർന്ന്, കിഡ്സൺ കോർണറിനുസമീപം വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തെരുവുകച്ചവടക്കാർ പ്രതിഷേധിച്ചു.

തെരുവുകച്ചവടത്തിന് അനുമതി നൽകിയില്ലെങ്കിൽ മിഠായിത്തെരുവിൽ ഒരു കച്ചവടവും അനുവദിക്കില്ലെന്നും യൂണിയൻ നേതാക്കൾ പ്രഖ്യാപിച്ചു. സിറ്റി പോലീസ് കമ്മിഷണർ എ.വി. ജോർജുമായി ചർച്ചനടത്തിയെങ്കിലും അനുമതി നൽകാൻ നിർവാഹമില്ലെന്ന് അദ്ദേഹവും പറഞ്ഞു. തുടർന്നാണ് യൂണിയൻ നേതാക്കൾ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിനെ ബന്ധപ്പെട്ട് അടിയന്തരമായി വെൻഡിങ് കമ്മിറ്റി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടത്. വൈകീട്ട് അഞ്ചുമണിയോടെ കച്ചവടത്തിന് അനുമതി നൽകിക്കൊണ്ടുള്ള വെൻഡിങ് കമ്മിറ്റിയുടെ തീരുമാനം വന്നശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിനുപിന്നാലെത്തന്നെ തെരുവുകച്ചവടവും പുനരാരംഭിച്ചു.

ലൈസൻസുള്ള 102 തെരുവുകച്ചവടക്കാരാണ് മിഠായിത്തെരുവിലുള്ളത്. കോർപ്പറേഷൻ നേരത്തേ അനുവദിച്ച 36 സ്പോട്ടുകളിൽ രണ്ടുദിവസം തുടർച്ചയായി കച്ചവടം ചെയ്യാം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ എല്ലാവർക്കും ഒരേസമയത്ത് പറ്റില്ല. അതുകൊണ്ട് കച്ചവടക്കാർ തമ്മിൽ ധാരണയുണ്ടാക്കണമെന്നാണ് വെൻഡിങ് കമ്മിറ്റി യോഗം നിർദേശിച്ചത്. ഇവർക്കുള്ള ഫെയ്സ് ഷീൽഡും ഗ്ലൗസുകളും കോർപ്പറേഷൻ നൽകും.

പ്രതിഷേധസമരം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സി.പി. സുലൈമാൻ, തെരുവുകച്ചവട തൊഴിലാളി യൂണിയൻ (എസ്.ടി.യു.) ടൗൺ പ്രസിഡന്റ് ഫൈസൽ പള്ളിക്കണ്ടി, വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്.) ജില്ലാപ്രസിഡന്റ് മനേഷ് കുളങ്ങര, തെരുവുകച്ചവട യൂണിയൻ (ഐ.എൻ.ടി.യു.സി.) ജില്ലാ പ്രസിഡന്റ് പി.പി. മാമുക്കോയ, എം. മുഹമ്മദ് ബഷീർ (എ.ഐ.ടി.യു.സി.) എന്നിവർ നേതൃത്വം നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week