നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റാന്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി; എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിക്കെതിരെ കേസെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കൊല്ലം സ്വദേശി എം പ്രദീപ്കുമാറിനെ (43) പ്രതിയാക്കി കേസെടുത്തു. പത്തനാപുരം എംഎല്‍എയും ചലച്ചിത്ര താരവുമായ കെബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറിയാണു പ്രദീപ്കുമാര്‍.

കാസര്‍കോട് ബേക്കല്‍ സ്വദേശിയായ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരി 24നും 28നും പ്രദീപ്കുമാര്‍ ഫോണില്‍ വിളിച്ച് സാക്ഷിയോട് സംസാരിച്ചു. പിന്നീട് 24നും 25നും സന്ദേശങ്ങള്‍ അയച്ചും ഭീഷണി മുഴക്കി. മൊഴിമാറ്റാല്‍ തയാറാകാതിരുന്നതോടെ സ്വാധീനിക്കാനായി കാസര്‍കോട്ടെത്തിയ പ്രതി സാക്ഷിയുടെ അടുത്ത ബന്ധുക്കളെ നേരില്‍ കണ്ടു. പ്രതി കാസര്‍കോട്ടെത്തിയതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.

പ്രദീപ്കുമാറിനെതിരായ കേസിന്റെ വിശദാംശങ്ങളും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. നിലവില്‍ വിചാരണക്കോടതിക്കെതിരെ നടിയും പ്രോസിക്യൂഷനും എതിര്‍പ്പറിയിച്ച സാഹചര്യത്തില്‍ കേസിന്റെ വിചാരണ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News