തിരുവനന്തപുരം: കന്യാസ്ത്രീകളുടെ മോചന കാര്യത്തിലെ നിലപാട് അനുസരിച്ചാകും ബിജെപിയോടുള്ള ഇനിയുള്ള സമീപനമെന്ന് കർദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവ. ഭരണഘടന അനുശാസിക്കുന്ന സുരക്ഷിതത്വവും സ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങൾക്ക് ഉറപ്പാക്കണം. നീതി ലഭിച്ചില്ലെങ്കിൽ അരമനയിലേക്കുള്ള ബിജെപി നേതാക്കളുടെ സന്ദർശനങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടി വരും.
നീതി ലഭിക്കാതെ വരുമ്പോൾ പിന്നെ എന്ത് ചങ്ങാത്തം, എങ്ങനെയാണ് സാഹോദര്യത്തിന്റെ പൂർണത പറയാൻ കഴിയുക. പറയുന്നത് പ്രവർത്തിക്കുക, പ്രവർത്തിക്കുന്നതിൽ ആത്മാർത്ഥത പ്രകടമാക്കുക. ഇതാണ് നമ്മൾ ആഗ്രഹിക്കുന്നത്. ആദ്യം അത് നടക്കട്ടെ അതിനുശേഷം നമുക്ക് ചായ കുടിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സന്യാസിനിമാർക്ക് ജാമ്യം കിട്ടിയില്ല എന്നതിനേക്കാൾ തന്നെ വേദനിപ്പിച്ചത് ദുർഗിലെ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചപ്പോൾ അതിൽ ആഹ്ലാദിക്കുന്ന ഒരുപറ്റം ആളുകളുടെ ആരവവും ആക്രോശവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതാണോ മതേതര ജനാധിപത്യമെന്നും ഇതാണോ ആർഷ ഭാരത സംസ്കാരമെന്നും ബാവ ചോദിച്ചു. ഈ രണ്ട് സഹോദരിമാർ ആറു ദിവസം തുറങ്കിൽ അടയ്ക്കപ്പെടുവാൻ പര്യാപ്തമായ കാരണങ്ങൾ ഈ പൊതു സമൂഹത്തിന് ബോധ്യമാകണ്ടതുണ്ട്.
ക്രിസ്ത്യാനികൾ മാത്രമല്ല സകല സുമനസ്സുകളും ഒരുപോലെ ഇതെന്ത് നീതിയാണെന്നും ന്യായമാണെന്നും ചോദിക്കുന്നു. ഇതൊരു വ്യക്തിയോടോ ഒരു രാഷ്ട്രത്തോടോ ഒരു ജനാധിപത്യ സംവിധാനത്തോടോ ഭരിക്കുന്ന പാർട്ടിയോടോ ഉള്ള വെല്ലുവിളിയല്ലെന്നും മതന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം ഈ രാജ്യത്തെ ഭരണാധികാരികളുടെ മുമ്പിൽ വെക്കുന്ന ന്യായമായ ഒരു അപേക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസവും ആദുരശുശ്രൂഷയും നൽകിയ തിരുവസ്ത്രമണിഞ്ഞ രണ്ട് കന്യാസ്ത്രീകൾ ഇന്ന് ദുർഗിലെ കൽതുറങ്കിലാണ്. ആറ് ദിവസം കഴിഞ്ഞു. ബിലാസ്പൂരിലെ എൻഐഎ കോടതിയിലേക്ക് വിഷയം റഫർ ചെയ്യപ്പെട്ടിരിക്കുകയാണ്. നീതി നടപ്പാകണം. പരമാവധി ദിവസം അവരെ ജയിലിൽ അടച്ചുകൊണ്ടല്ല ഒരു ദിവസം നേരത്തെ അവരെ ജയിലിൽ നിന്ന് മോചിപ്പിച്ചുകൊണ്ടാണ് നീതി നടപ്പിലാക്കേണ്ടത്. അദ്ദേഹം പറഞ്ഞു.