കുട്ടികളുമായി ഉല്ലാസയാത്രയെന്ന പേരിൽ കാറിൽ ലഹരി കടത്ത്; യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിൽ

കുട്ടികളുമായി ഉല്ലാസയാത്രയെന്ന പേരിൽ കാറിൽ ലഹരി കടത്ത്; യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിൽ

കോവളം: നഗരത്തിലും ഗ്രാമീണ മേഖലകളിലും വിൽപ്പന നടത്തുന്നതിനായി കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി. വട്ടിയൂർക്കാവ് ഐ.എ.എസ് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ശ്യാം(35) ഇയാളുടെ പെണ്‍സുഹൃത്ത് രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശടിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ(24), രാജാജി നഗർ സ്വദേശി സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്. രശ്മിയുടെ കുട്ടികളും കാറിലുണ്ടായിരുന്നു. ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേനയാണ് കുട്ടികളെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

ബൈപ്പാസിലെ കോവളം ജങ്ഷനിൽവെച്ച് നടത്തിയ പരിശോധനയിൽ കാറിനുളളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ അരക്കിലോ എംഡിഎംഎ, ഒൻപതുഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ സിറ്റി ഡാൻസാഫ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും സംഘം കസ്റ്റഡിയിലെടുത്തു. കാറിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം കോവളത്ത് മഫ്തിയിലുണ്ടായിരുന്നു. പോലീസ് പിൻതുടരുന്നു എന്ന സംശയത്തെ തുടർന്ന് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഡാൻസാഫ് സംഘം പിൻതുടർന്ന് പിടികൂടുകയായിരുന്നു.

കൊല്ലം ചാത്തന്നൂരിൽ നിന്ന് മൂന്നുമാസം മുൻപ് പണയത്തിനെടുത്ത കാറിലായിരുന്നു സംഘം മയക്കുമരുന്ന് കടത്തിയത്. ബെം​ഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി ശ്യാമും രശ്മിയും തമിഴ്‌നാട്ടിലെ കാവല്ലൂരെത്തുകയും സുഹൃത്തുക്കളോട് കാറുമായി അവിടെ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് കന്യാകുമാരിയിലെത്തിയ സംഘം തീരദേശ റോഡുവഴിയാണ് കോവളത്ത് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News