കാഞ്ഞങ്ങാട്: വെള്ളക്കെട്ടില്‍ മുങ്ങിപ്പോയ കാര്‍ അതിസാഹസികമായി പുറത്തെടുത്തു. എന്നാല്‍ കാറിലുണ്ടായിരുന്ന സ്വര്‍ണവും പണവും കാണാതായതായി പരാതി. 20 പവന്റെ സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയുമാണ് കാറിലുണ്ടായിരിന്നത്. ഇവ വെള്ളത്തിലൂടെ ഒഴുകി പോയതായാണ് സംശയിക്കുന്നത്.
അരയിപ്പുഴയിലാണ് കഴിഞ്ഞദിവസം കാര്‍ മുങ്ങിയത്. പണം സൂക്ഷിച്ചിരുന്നത് കാറിന്റെ ഗിയറിനടുത്തുള്ള ബോക്സിലും , സ്വര്‍ണം സൂക്ഷിച്ച ബാഗ് വെച്ചത് കാറിന്റെ പിന്‍സീറ്റിലുമായിരുന്നു. കാറിന്റെ ഡോറുകള്‍ തുറന്ന നിലയിലായിരുന്നു. അതുകൊണ്ടുതന്നെ പണവും സ്വര്‍ണവും ഒഴുക്കിന്റെ ശക്തിയില്‍ പുറത്തേക്ക് പോയതാകാമെന്ന് കരുതുന്നു.
കഴിഞ്ഞദിവസം സന്ധ്യയോടെയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. ചായ്യോത്ത് സ്വദേശിയായ അബ്ദുള്‍സമദും ഭാര്യ നജ്മുന്നിസയുമാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ നീന്തല്‍താരവും തീരദേശസ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ എം.ടി.പി.സെയ്ഫുദീന്റെ നേതൃത്വത്തിലാണ് കാര്‍ പുറത്തെടുത്തത്.