സ്വന്തം പോസ്റ്റര്‍ വലിച്ച് കീറി സ്ഥാനാര്‍ത്ഥി! കാരണം ഇതാണ്

ചേലക്കര: പ്രവര്‍ത്തകര്‍ ഒട്ടിച്ച പോസ്റ്ററുകള്‍ സ്വയം നീക്കം ചെയ്ത് ഒരു സ്ഥാനാര്‍ത്ഥി. പാഞ്ഞാള്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി. കൃഷ്ണദാസാണ് അനുയായികള്‍ പതിപ്പിച്ച തന്റെ പോസ്റ്ററുകളും തിരഞ്ഞെടുപ്പ് ചിഹ്നവുമൊക്കെ വലിച്ചു പറിച്ച് പ്രതലത്തില്‍ വെളളപൂശാനിറങ്ങിയത്.

പെരുമാറ്റചട്ടങ്ങളുടെ ഭാഗമായി ഇലക്ട്രിക്, ടെലിഫോണ്‍ പോസ്റ്റുകള്‍ മറ്റ് പൊതുസ്ഥാപനങ്ങളുടെ മതിലുകള്‍ എന്നിവ പോസ്റ്ററുകള്‍ ഒട്ടിച്ചു വൃത്തികേടാക്കരുത് എന്ന് അറിയിച്ചിരുന്നു. അപ്രകാരം ചെയ്താല്‍ അവ നീക്കം ചെയ്ത് വൃത്തിയാക്കുവാന്‍ നിയോഗിച്ചിട്ടുള്ള ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിനുള്ള ചിലവ് അതാത് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പു ചിലവിലേക്ക് ഉള്‍പ്പെടുത്തും എന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ ആരെങ്കിലും ഇതുസംബന്ധിച്ച് പരാതി ബോധിപ്പിച്ചാല്‍ സ്ഥാനാര്‍ത്ഥിയെയും പ്രവര്‍ത്തകരേയും പ്രതിചേര്‍ത്ത് പൊതുമുതല്‍ നശീകരണ നിരോധന നിയമപ്രകാരം കേസെടുക്കാനും പോലീസിന് നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.

ഈ സാഹചര്യത്തിലാണ് വാര്‍ഡില്‍ കന്നി അങ്കത്തിന് ഇറങ്ങുന്ന യുവ അഭിഭാഷകന്‍ കൂടിയായ കൃഷ്ണദാസ് സ്വന്തം പ്രവര്‍ത്തകര്‍ അശ്രദ്ധമൂലം അങ്ങിങ്ങായി ഒട്ടിച്ച ചിഹ്നങ്ങളും പോസ്റ്ററുകളും നീക്കം ചെയ്ത് ആ ഭാഗങ്ങളില്‍ വൈറ്റ് സിമന്റ് അടിച്ചു വൃത്തിയാക്കാന്‍ ഇറങ്ങിയത്. ഇതറിയുന്ന മറ്റുള്ള സ്ഥാനാര്‍ത്ഥികള്‍ കൂടി ഇതൊരു മാതൃക ആക്കണമെന്നാണ് കൃഷ്ണദാസ് ആഗ്രഹിക്കുന്നത്.

കേസില്‍ ഉള്‍പ്പെടുന്നതിലും ഉപരിയായി മറ്റു ചില ചിന്തകളാണ് തന്നെ ഇതിനു പ്രേരിപ്പിച്ചത്. വര്‍ഷക്കാലത്തും പെരുമഴയത്തും നമ്മുടെ വീട്ടില്‍ വൈദ്യുതി ഉറപ്പാക്കാന്‍ പണിയെടുക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന പണിയാണ് പോസ്റ്റില്‍ പോസ്റ്റര്‍ പതിപ്പിച്ചാലുണ്ടായേക്കാവുന്നത്. പോസ്റ്റില്‍ കയറുമ്പോള്‍ വഴക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. സ്വകാര്യ വ്യക്തികളുടെ അനുമതിയോടെ അവരുടെ സ്ഥലത്ത് പ്രചരണ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയുള്ളപ്പോള്‍ എന്തിനാണ് നിയമവിരുദ്ധമായി തിരഞ്ഞ് പ്രചാരണം നടത്തുന്നത്.