കാന്‍സറിനെ തോല്‍പ്പിച്ച് കലോത്സവ വേദിയില്‍ കൈയ്യടി നേടി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അവനി

കാഞ്ഞങ്ങാട്: കീമോ കഴിഞ്ഞതിന് പിന്നാലെ കലോത്സവ വേദിയിലെത്തി കവിത ചൊല്ലി കൈയ്യടി നേടി തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഗവ. എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അവനി. എംഎന്‍.പാലൂരിന്റെ ‘ഉഷസ്സ്’ എന്ന കവിത ആലപിച്ച അവനിയ്ക്ക് ലഭിച്ചത് എ ഗ്രേഡ്. ഒന്നാംക്ലാസ് മുതല്‍ കലോത്സവ വേദികളില്‍ നിറസാന്നിദ്ധ്യമാണ് അവനി. ആദ്യമായാണ് അവനി സംസ്ഥാന കലോത്സവത്തിനെത്തുന്നത്. എട്ടാം ക്ലാസില്‍ പഠിക്കവേ കഴിഞ്ഞവര്‍ഷം നവംബറിലാണ് അവനിയെ അര്‍ബുദം പിടികൂടിയത്.

ചികിത്സകള്‍ തുടങ്ങിയപ്പോള്‍ അവനിക്ക് ക്ലാസുകള്‍ മുടങ്ങിയെങ്കിലും സംഗീതത്തെ വിടാന്‍ അവള്‍ തയ്യാറായില്ല. കര്‍ണാടക സംഗീതപഠനത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളര്‍ഷിപ്പുനേടി. കഥകളി സംഗീതത്തിലും എ ഗ്രേഡ് നേടി. വെഞ്ഞാറമ്മൂട്ടില്‍ പച്ചക്കറി വ്യാപാരിയായ അച്ഛന്‍ സന്തോഷും അമ്മ സജിതയും സ്‌കൂളിലെ അധ്യാപകരും പകര്‍ന്ന് നല്‍കിയ ആത്മവിശ്വാസത്തിലാണ് അവനി കലോത്സവ വേദിയിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News