ഒട്ടാവ: 220 ടൺ ഭാരമുള്ള ഒരു കെട്ടിടം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത് 700 സോപ്പ് ബാറുകൾ ഉപയോഗിച്ച്. കാനഡ നോവ സ്‌കോട്ടിയയിലെ ഹാലിഫാക്‌സിലുള്ള പഴയ ഹോട്ടലാണ് പൊളിച്ചുമാറ്റാതെ മാറ്റി സ്ഥാപിച്ചത്. വിക്‌ടോറിയ രാജ്ഞിയുടെ കാലഘട്ടത്തെ കെട്ടിടമായ എലംവുഡ് ഹോട്ടലാണ് പാരമ്പര്യേതര മാർഗങ്ങൾ ഉപയോഗിച്ച് പുനഃസ്ഥാപിച്ചത്.
1826ലാണ് കെട്ടിടം പണിതത്. പിന്നീടിത് വിക്ടോറിയൻ എലംവുഡ് ഹോട്ടലാക്കി മാറ്റുകയായിരുന്നു. 2018ലാണ് കെട്ടിടത്തിൽ ആദ്യമായി വിള്ളലുകൾ കണ്ടുതുടങ്ങിയത്. പിന്നാലെ ഗാലക്‌സി പ്രോപ്പർട്ടീസ് എന്നൊരു കമ്പനി പുരാതനമായ കെട്ടിടം സ്വന്തമാക്കുകയായിരുന്നു. കെട്ടിടം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 220 ടൺ ഭാരമുള്ള കെട്ടിടം മാറ്റി സ്ഥാപിക്കാനുള്ള വെല്ലുവിളി എസ് റുഷ്‌ടൺ കൺസ്ട്രക്ഷൻ ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അവർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
പരമ്പരാഗതമായ റോളറുകൾ ഉപയോഗിക്കാതെ വ്യത്യസ്തമായ രീതിയിൽ കെട്ടിടം പുനഃസ്ഥാപിക്കാനാണ് കമ്പനി തീരുമാനിീച്ചത്. ഐവറി സോപ്പ് കൊണ്ടുണ്ടാക്കിയ സോപ്പ് കട്ടകളാണ് ഇതിനായി ഉപയോഗിച്ചത്. രണ്ട് എസ്‌കവേറ്ററുകളും ഒരു ട്രക്കും ഉപയോഗിച്ച് സോപ്പ് കട്ടകളുടെ സഹായത്തോടെ കെട്ടിടം നിരക്കി മാറ്റുകയാണ് ചെയ്തത്. 30 അടിയോളമാണ് കെട്ടിടം ഇത്തരത്തിൽ നിരക്കി മാറ്റിയത്.