ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെ കാനഡ പുറത്താക്കി
ടൊറന്റോ: കൊലപാതക കേസിന് പിന്നിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. കാനഡയിലെ സിഖ് നേതാവ് ഹർദീപ് സിംഗ് ഹിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിലാണ് കനേഡിയൻ ഗവൺമെന്റിന്റെ നീക്കം.
ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. ഹർദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നിൽ വെച്ച് ഹർദീപ് സിംഗ് വെടിയേറ്റ് മരിച്ചത്.
ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ച ഇന്ത്യ-കാനഡ വ്യാപാര ചർച്ച കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. കനേഡിയൻ വാണിജ്യ മന്ത്രിയുടെ വക്താവ് ശാന്റി കോസെന്റിനോ ഇക്കാര്യം സ്ഥിരീകരിച്ചു. കാരണം വിശദീകരിച്ചിട്ടില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ വന്നതിന്റെ തുടർച്ചയാണ് ചർച്ച മാറ്റിവെച്ചതെന്നാണ് റിപ്പോർട്ട്. കാനഡയിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നവരോട് മൃദുസമീപനം പുലർത്തുന്നതായി ഇന്ത്യക്ക് ആക്ഷേപമുണ്ട്.
ഖലിസ്താൻ അനുകൂലികൾ കാനഡയിലെ ക്ഷേത്രചുമരിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം എഴുതിവെച്ച സംഭവങ്ങളിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ എംബസിയുടെ പുറത്ത് നിരവധി തവണ പ്രതിഷേധ പരിപാടികളും നടന്നു. ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയുടെ അനുബന്ധമായി നടത്തിയ ചർച്ചയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിച്ചു.
അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധവും തടയില്ലെന്നാണ് തുടർന്ന് ജസ്റ്റിൻ ട്രൂഡോ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ വർഷം തുടക്കത്തിലാണ് ഇരു രാജ്യങ്ങളും വാണിജ്യ കരാറിൽ എത്തുന്നതിന് മുന്നോടിയായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചത്. ഈ വർഷം തന്നെ കരാർ ഒപ്പിടുമെന്നും സൂചിപ്പിച്ചിരുന്നു.