അമാരാവതി: തെലങ്കാന ഡി ജി പിയെ സസ്പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡി ജി പി അൻജാനി കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് നിശ്ചയിച്ചിരുന്ന ചട്ടങ്ങൾ ലംഘിക്കുന്ന രീതിയിൽ ഡി ജി പി പെരുമാറിയതാണ് നടപടിയ്ക്ക് പിന്നിലെ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
ഇദ്ദേഹം തെലങ്കാനയിൽ കോൺഗ്രസിന്റെ മുന്നേറ്റത്തിന് പിന്നാലെ ഹെെദരബാദിൽ പൂച്ചെണ്ടുമായി കോൺഗ്രസ് നേതാവ് അനുമുല രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി സന്ദർശിച്ചു. ഇതാണ് ഡി ജി പിയെ സസ്പെൻഡ് ചെയ്തതിന് പ്രധാന കാരണമെന്നാണ് റിപ്പോർട്ട്.
അതേസമയം, തെലങ്കാനയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വിജയത്തിന്റെ പകുതി വഴിയിൽ കോൺഗ്രസ് എത്തിക്കഴിഞ്ഞു. 119 മണ്ഡലങ്ങളിൽ 64 ഇടത്ത് മുന്നിലുള്ള കോൺഗ്രസ് 14 സീറ്റുകൾ പിടിച്ചെടുത്തു. ബിആർഎസിന് ഏഴ് സീറ്റുകളിൽ മാത്രമാണ് ഇതുവരെ വിജയിക്കാനായത്. 39 സീറ്റുകളിൽ ബിആർഎസ് ലീഡ് ചെയ്യുന്നുണ്ട്.