NationalNews

ജനവിധിയ്ക്കുമുന്നില്‍ വണങ്ങുന്നുവെന്ന് മോദി; താത്കാലിക തിരിച്ചടികൾ മറികടക്കുമെന്ന് ഖാർഗെ

ന്യൂഡല്‍ഹി: നാലുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി. നിലകൊള്ളുന്ന സദ്ഭരണത്തിനും വികസനത്തിനുമൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ഛത്തീസ്ഗഡിലേയും മധ്യപ്രദേശിലും രാജസ്ഥാനിലേയും ഫലം വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ജനവിധിക്കുമുന്നില്‍ വണങ്ങുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

മൂന്നുസംസ്ഥാനങ്ങളിലേയും ജനങ്ങളുടെ അഞ്ചലമായ പിന്തുണയ്ക്ക് നന്ദി പറയുന്നു. ഇവിടുത്തെ ജനങ്ങളുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് പറഞ്ഞ അദ്ദേഹം, വിജയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച ബി.ജെ.പി. കാര്യകര്‍ത്തമാര്‍ക്ക് നന്ദി പറഞ്ഞു. പാര്‍ട്ടി മുന്നോട്ടുവെച്ച വികസന അജന്‍ഡ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇവര്‍ ആഹോരാത്രം പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ പിന്നിലായ തെലങ്കാനയിലെ ജനങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംസ്ഥാനത്ത് ബി.ജെ.പിക്കുള്ള പിന്തുണ വര്‍ധിച്ചുവരികയാണെന്നും അത് വരുംകാലത്തും തുടരുമെന്നും അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു. തെലങ്കാനയുമായുള്ള തങ്ങളുടെ ബന്ധം അഭേദ്യമാണെന്നും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

താത്കാലികമായ തിരിച്ചടികള്‍ മറികടന്ന് തിരിച്ചുവരുമെന്നായിരുന്നു മൂന്നുസംസ്ഥാനങ്ങളിലെ പരാജയത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. ഫലം നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍, മൂന്നുസംസ്ഥാനങ്ങളിലും തങ്ങള്‍ തിരിച്ചുവരുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.

നാലില്‍ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടതില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും ജനവിധി ഞങ്ങള്‍ വിനയപൂര്‍വ്വം അംഗീകരിക്കുന്നു. പ്രത്യശാസ്ത്രപരമായ പോരാട്ടം തുടരും.’ -രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതിന് തെലങ്കാനയിലെ ജനങ്ങളോട് നന്ദി പറഞ്ഞ രാഹുല്‍ ഗാന്ധി, ‘പ്രജാലു തെലങ്കാന’ (ജനങ്ങളുടെ തെലങ്കാന) യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന ഉറപ്പും നല്‍കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി അധ്വാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker