കൊച്ചി: കേരള പോലീസ് ചരിത്രത്തിലെ വിവാദമായ തിരോധാനത്തിലെ നായകന് വി.എസ് നവാസ് സൈക്കിളില്‍ കശ്മീര്‍ യാത്രക്കൊരുങ്ങുന്നു. നേരത്തെ മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്ന് നാടുവിട്ടുപോയ മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇത്തവണ മേലുദ്യോഗസ്ഥരുടെ അനുമതിയോടെയാണ് യാത്ര പോവുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്ക വയ്യാതെ മനസ്സമാധാനം തേടിയുള്ള യാത്രയായിരുന്നെങ്കില്‍ കശ്മീരിലേക്കുള്ള ഈ യാത്ര ജോലിയുടെ ഭാഗമാണ്. ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തുന്നതിന് കേരള പോലീസ് സംഘടിപ്പിക്കുന്ന കശ്മീര്‍ യാത്രയിലെ മൂന്നംഗ സംഘത്തിലൊരാളാണ് നവാസ്. മയക്കുമരുന്നിനെതിരെ സൈക്ലിംഗ് ലഹരിയാക്കൂ എന്നതാണ് യാത്രയുടെ മുദ്രാവാക്യം. നാളുകളായി കൊതിച്ച യാത്ര യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് നവാസ്.
നാളെ രാവിലെ എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്നാണ് സംഘം യാത്ര ആരംഭിക്കുന്നത്. സൈക്കിള്‍ യാത്ര കമ്മീഷണര്‍ വിജയ് സാഖറെ ഫ്ളാഗ് ഓഫ് ചെയ്യും. സിവില്‍ പോലീസ് ഓഫീസര്‍മാരായ എം കെ വിനില്‍, അലക്സ് വര്‍ക്കി എന്നിവരാണ് നവാസിനൊപ്പമുള്ളവര്‍. 50 ദിവസം കൊണ്ട് കശ്മീരിലെത്താമെന്നാണ് പ്രതീക്ഷ. ഒരു ദിവസം 150 കിലോമീറ്റര്‍ സഞ്ചരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.