KeralaNews

മിനിമം ചാര്‍ജ് 10 രൂപ; ബസ് നിരക്ക് കൂട്ടാന്‍ എല്‍.ഡി.എഫ് അനുമതി

തിരുവനന്തപുരം: ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കിയേക്കും. ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി നേതൃയോഗം സര്‍ക്കാരിന് അനുമതി നല്‍കി. വര്‍ധനയുടെ വിശദാംശങ്ങള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗത മന്ത്രി ആന്റണി രാജുവിനെയുംഎല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി. ജനങ്ങളെ വല്ലാതെ ബാധിക്കാത്ത തരത്തില്‍, മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളാനാണ് ഇടതുമുന്നണി നിര്‍ദേശിച്ചത്.

മിനിമം നിരക്ക് 10 രൂപയായി വര്‍ധിപ്പിക്കാനാണ് ഗതാഗത വകുപ്പ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ ബസുകള്‍ക്കൊപ്പം കെഎസ്ആര്‍ടിസിയിലും നിരക്ക് ഉയരും. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടുന്നതിനെ എല്‍ഡിഎഫ് അനുകൂലിച്ചില്ലെങ്കിലും നേരിയ വര്‍ധനയുണ്ടാകും.

2020 ജൂലൈ 3നാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്. അന്ന് മിനിമം നിരക്ക് 8 രൂപയായി നിലനിര്‍ത്തിയെങ്കിലും സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററില്‍ നിന്നു രണ്ടര കിലോമീറ്ററായി കുറച്ചു. അതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 70 പൈസ എന്ന നിരക്ക് 90 പൈസയാക്കിയിരുന്നു.

കോവിഡ് കണക്കിലെടുത്തുള്ള ഈ താല്‍ക്കാലിക വര്‍ധന അതേപടി നിലനിര്‍ത്തിയാകും വീണ്ടും നിരക്ക് വര്‍ധിപ്പിക്കുക. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ 2020 ജൂണില്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് മിനിമം നിരക്ക് 8 രൂപയില്‍ നിന്ന് 10 ആക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button