പോത്തിനെ മോഷ്ടിച്ചു,നാല് പേർ നെടുമ്പാശേരിയിൽ പിടിയിൽ
ആലുവ:പിരാരൂർ, കോട്ടായി ഭാഗങ്ങളിൽ നിന്ന് പോത്തിനെ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ കേട്ടയം, നെടുംകുന്നം അണിയറ വീട്ടിൽ അപ്പുമോൻ (26), വെള്ളാവൂർ, പായിക്കുടി വീട്ടിൽ സതീഷ്കുമാർ (37), സഹോദരൻ സന്ദീപ് (30), പാലക്കാട് കണ്ണന്തറ വടക്കുംഞ്ചേരി വീട്ടിൽ അബ്ദുൾസലാം (27) എന്നിവരാണ് നെടുമ്പാശേരി പോലീസിന്‍റെ പിടിയിലായത്.
പോത്തിനെ കടത്താൻ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. കഴിഞ്ഞയാഴ്ചയാണ് പിരാരൂരിൽ നിന്ന് രണ്ടും കോട്ടായിൽ നിന്ന് ഒന്നും വിതം പോത്തുകൾ മോഷണം പോയത്. വൈകുന്നേരങ്ങളിൽ പാടത്തും, ഗ്രാമപ്രദേശങ്ങളിലും കറങ്ങി നടന്ന് പോത്തിനെ കണ്ടുവെക്കുകയും രാത്രി പിക്കപ്പ് വാനിൽ കയറ്റി കൊണ്ടു പോവുകയുമാണ് ചെയ്യുന്നത്.
അപ്പുമോന് നെടുങ്കുന്നത്ത് മാംസവ്യാപാര സ്ഥാപനമുണ്ട്. ഇവിടെയ്ക്ക് എത്തിച്ച് മാംസ വിൽപന നടത്തുകയാണ് പതിവ്. ഓരോ പ്രാവശ്യവും ഓരോ സ്ഥലങ്ങളിൽ നിന്നുമാണ് മോഷ്ടിക്കുന്നത്. പൊള്ളാച്ചിയിൽ നിന്നും പോത്തുകളെ കൊണ്ടുവരുന്നത് എന്നാണ് ഇവർ പറഞ്ഞിരുന്നത് പതിനായിരങ്ങൾ വിലവരുന്ന പോത്തുകളെയാണ് ഇവർ മോഷ്ടിച്ചത്.
പ്രതികൾ പലയിടങ്ങളിലും സമാന സ്വഭാവമുള്ള മോഷണം നടത്തിയിട്ടുണ്ട്. ഇതിൽ സന്ദീപ് പത്തോളം കേസിലും, സതീഷ് രണ്ട് കേസിലും, അബ്ദുൾ മോഷണ കേസിലും പ്രതിയാണ്. പുതിയ മോഷണത്തിന് പദ്ധതിയിടുകയായിരുന്ന ഇവരെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
ഇൻസ്പെക്ടർ പി.എം ബൈജു, എസ്.ഐമാരായ അനീഷ്.കെ.ദാസ്, പി.പി.സണ്ണി, ജയപ്രസാദ്, എ.എസ്.ഐ സുനോജ്, എസ്.സി.പി.ഒ മാരായ റോണി അഗസ്റ്റിൻ, ജിസ്മോൻ, അബ്ദുൾ ഖാദർ, ലീല തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.