ഡ്രാക്കുള സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ:മോഷണമുൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ഐക്കരനാട് വടയമ്പാടി കൊണ്ടോലിക്കുടി വീട്ടിൽ സുരേഷ് (ഡ്രാക്കുള സുരേഷ് 39 ) നെ കാപ്പ ചുമത്തി ജയിലിലടച്ചു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മോഷണം, പോലീസിന്‍റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടയൽ, തുടങ്ങി നിരവധി കേസുകൾ പെരുമ്പാവൂർ, പുത്തൻകുരിശ്, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിലായുണ്ട്. കടകളും, സ്ഥാപനങ്ങളും നോക്കിവച്ച ശേഷം മോഷണം നടത്തുകയാണ് ഇയാളുടെ രീതി. നേരത്തെ റിമാൻഡിലായിരിക്കെ കറുകുറ്റിയിലെ എഫ്.എൽ.ടി.സിയിൽ നിന്നും, കളമശേരി മെഡിക്കൽ കോളേജിലെ പ്രത്യേക വാർഡിൽ നിന്നും ഇയാൾ രക്ഷപ്പെട്ടിരുന്നു.
തുടർന്ന് സാഹസികമായാണ് പോലിസ് സുരേഷിനെ പിടികൂടിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ മുപ്പതു പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുള്ളതും, ഇരുപത്തൊമ്പതു പേരെ നാടുകടത്തിയിട്ടുള്ളതുമാണ്. കുറ്റവാളികളുടെ പ്രവർത്തനങ്ങൾ തടയുന്നതിന് റൂറൽ ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ട്.