30 C
Kottayam
Friday, May 17, 2024

ലൈംഗികാരോപണം: പ്രജ്വൽ രേവണ്ണയെ ജെഡിഎസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

Must read

ബെംഗളൂരു: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ജെ.ഡി.എസ്. എം.പി.യും ഹാസന്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സസ്പെന്‍ഷന്‍ കാലയളവ് എസ്‌ഐടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. തുടര്‍ നടപടികള്‍ ഈ അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്നും ജെഡിഎസ് നേതാക്കള്‍ അറിയിച്ചു.

പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവും ജെ.ഡി.എസ്. എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന് എം.എല്‍.എ.മാര്‍ പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് നടപടിയെടുത്തത്.

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോകളുടെ ദൃശ്യം ഹാസനില്‍ തിരഞ്ഞെടുപ്പുസമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രജ്വലിനെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.

എച്ച്.ഡി. രേവണ്ണയുടെയും പ്രജ്വലിന്റെയും പേരില്‍ 47-കാരി നല്‍കിയ ലൈംഗികപീഡന പരാതിയില്‍ അന്വേഷണം തുടങ്ങി. രേവണ്ണയുടെ വീട്ടിലെ മുന്‍ ജോലിക്കാരിയാണ് പരാതി നല്‍കിയത്. പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്കു കടന്നതായാണ് അന്വേഷണത്തില്‍ കെണ്ടത്തിയത്.

സംസ്ഥാനത്തെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിനിടയില്‍ ജെ.ഡി.എസിനെ പിടിച്ചുകുലുക്കുന്നതായി പരാതി. ഇത് സഖ്യകക്ഷിയായ ബി.ജെ.പി.യെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ബി.ജെ.പി. പ്രതീക്ഷ പുലര്‍ത്തുന്ന 14 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ചയേ ബാക്കിയുള്ളൂ. ആരോപണങ്ങളേറ്റെടുത്ത് കോണ്‍ഗ്രസ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

ഇതിനിടെ പ്രജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ പുറത്തുവന്ന വിവരം ബി.ജെ.പി.ക്ക് നേരത്തേ അറിയാമായിരുന്നെന്നും ഇത് അവഗണിച്ചാണ് ജെ.ഡി.എസുമായി സഖ്യമുണ്ടാക്കിയതെന്നും തെളിയിക്കുന്ന കത്ത് പുറത്തുവന്നിരുന്നു.

ഹാസനിലെ ബി.ജെ.പി. നേതാവ് ദേവരാജ് ഗൗഡ സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയ്ക്കയച്ച കത്താണിത്. ഇതറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രജ്വലിനൊപ്പം വേദി പങ്കിട്ടെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week