33.4 C
Kottayam
Thursday, March 28, 2024

യുവതിയെ ഒമ്പത് വര്‍ഷം വീടിനുള്ളില്‍ ബന്ദിയാക്കി,സഹോദരങ്ങള്‍ക്ക് തടവുശിക്ഷ

Must read

കുവൈത്ത് സിറ്റി: കുവൈത്തില്‍ യുവതിയെ ഒമ്പത് വര്‍ഷം വീടിനുള്ളില്‍ ബന്ദിയാക്കിയ സഹോദരങ്ങള്‍ക്ക് തടവുശിക്ഷ. ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് സംഭവം. കുടുംബ കലഹത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് യുവതിയെ വീടിന്റെ ബേസ്‌മെന്റില്‍ ബന്ദിയാക്കുകയായിരുന്നു. കേസില്‍ കുറ്റക്കാരായ മൂന്നു സഹോദരങ്ങളെയും മുന്‍ഭര്‍ത്താവിനെയും കുവൈത്ത് ക്രിമിനല്‍ കോടതി തടവുശിക്ഷയ്ക്ക് വിധിച്ചു.

കേസിന്റെ വിചാരണയുടെ ആദ്യ സിറ്റിങിലാണ് നാലുപേരെയും ജയിലില്‍ അടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. കേസില്‍ ആരോപണ വിധേയരായ യുവതിയുടെ മൂന്ന് സഹോദരിമാരെയും ജാമ്യത്തില്‍ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഇവര്‍ ഓരോരുത്തരും 20,000 കുവൈത്തി ദിനാര്‍ വീതം ജാമ്യത്തുകയായി കെട്ടിവെക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ ഈ മാസം 14ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്.

മാസങ്ങള്‍ക്ക് മുമ്പാണ് കുവൈത്തിനെ ഞെട്ടിച്ച സംഭവം പുറംലോകം അറിഞ്ഞത്. ജയിലറയ്ക്ക് സമാനമായ വീടിന്റെ ബേസ്‌മെന്റിലെ മുറിയിലാണ് യുവതിയെ ബന്ദിയാക്കിയത്. ഇവര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്ന ജോലിക്കാരി മുഖേനയാണ് യുവതി തന്റെ പ്രശ്‌നം സുരക്ഷാ വകുപ്പുകളെ അറിയിച്ചത്. ജോലിക്കാരി ഇക്കാര്യം അഭിഭാഷകയെ അറിയിക്കുകയും അവര്‍ പബ്ലിക് പ്രോസിക്യൂഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ യുവതിയുടെ വീട് റെയ്ഡ് ചെയ്ത് ഇവരെ മോചിപ്പിച്ചു. സംഭവത്തില്‍ പങ്കുള്ള മൂന്ന് സഹോദരന്മാരെയും മൂന്ന് സഹോദരിമാരെയും മുന്‍ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. യുവതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

തന്നേക്കാള്‍ 15 വയസ്സ് കൂടുതലുള്ള ആളെയാണ് യുവതി വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുട്ടി ജനിച്ച ശേഷം യുവതി ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ വിസമ്മതിച്ച് കുടുംബ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെ പോകണമെന്ന് യുവതിയെ കുടുംബം നിര്‍ബന്ധിച്ചതോടെ യുവതി തന്റെ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി. മൂന്നുമാസത്തിന് ശേഷം യുവതിയെ കണ്ടെത്തിയ വീട്ടുകാര്‍ ഇവരെ കുടുംബ വീട്ടിലെത്തിച്ച് ബേസ്‌മെന്റിലെ മുറിയില്‍ അടച്ചിടുകയായിരുന്നു.

അഭിഭാഷക മുന അല്‍അര്‍ബശ് ആണ് യുവതിക്ക് വേണ്ടി കോടതിയില്‍ സിവില്‍ കേസ് നല്‍കിയത്. ഒമ്പത് വര്‍ഷക്കാലം ബന്ദിയാക്കിയവരില്‍ നിന്ന് യുവതിക്ക് അഞ്ചു ലക്ഷം കുവൈത്തി ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week