ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ വന്‍ തുക കൈക്കൂലി ആവശ്യപ്പെട്ടെന്ന് യുവതി; ശബ്ദരേഖ പുറത്ത്
ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ യുവസംരഭകയോട് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ആലപ്പുഴ ബീച്ചില്‍ എക്‌സ്‌പോ നടത്താന്‍ അനുമതി തേടിയെത്തിയ ആര്‍ച്ച എന്ന യുവതിയോടാണ് ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ ആര്‍ച്ച പുറത്തുവിട്ടു.
കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ആലപ്പുഴ ബീച്ചില്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ എക്‌സ്‌പോ തുടങ്ങാന്‍ തുറമുഖ വകുപ്പിന്റെ അനുമതിയുമായി ആര്‍ച്ച ആലപ്പുഴയിലെത്തിയത്. എന്നാല്‍ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കിയില്ല. അനുമതി നല്‍കുന്നതിന് കുഞ്ഞുമോന്‍ സംഭാവനകളും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. നഗരസഭാ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ആര്‍ച്ചയോട് കൈക്കൂലി ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നഗരസഭാ ചെയര്‍മാന്‍ സി.പി.എമ്മിന് വേണ്ടി പണം ചോദിക്കുന്നതും ശബ്ദരേഖയിലുണ്ട്.
നഗരസഭയുടെ അനുമതി ലഭിക്കാത്തതിനെ തുടന്ന് ഹൈക്കോടതിയെ ആര്‍ച്ച സമീപിച്ചിരുന്നു. ഹൈക്കോടതി അനുമതിയോടെ ഒരു മാസം വൈകി എക്‌സപോ തുടങ്ങിത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം സ്റ്റാര്‍ട്ടപ്പിനുണ്ടായതെന്ന് ആര്‍ച്ച പറയുന്നു. എന്നാല്‍ ഇപ്പോള്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നുപറഞ്ഞ് എക്‌സ്‌പോ നിര്‍ത്തിവെയ്ക്കാണ് നഗരസഭയുടെ നിര്‍ദേശം.
അതേസമയം ആരോപണങ്ങള്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ നിഷേധിച്ച് രംഗത്തെത്തി. അനധികൃതമായി പ്രവര്‍ത്തിച്ച എക്‌സ്‌പോ നിര്‍ത്തിവെപ്പിച്ചത് നഗരസഭാ കൗണ്‍സിലിന്റെ ഒന്നിച്ചുള്ള തീരുമാനപ്രകാരമാണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.