ഡല്‍ഹിയില്‍ അമ്മയേയും മകനെയും കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുപ്പത്തിയാറുകാരിയായ അമ്മയെയും പന്ത്രണ്ടുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി പ്രദേശത്താണ് സംഭവം. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസി പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തല്ലിത്തകര്‍ത്ത് അകത്ത് പ്രവേശിച്ച പോലീസാണ് അമ്മയുടേയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ഇരുവരേയും കുത്തിക്കൊലപ്പെടുത്തിയിരിക്കുന്നത്. കൊലയ്ക്ക് മുമ്പ് ഇരുവരേയും മര്‍ദിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ പറയുന്നു. രണ്ടോ മൂന്നോ ദിവസം മുമ്പാകാം കൊലപാതകം നടന്നിരിക്കുകയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസമായി പൂജയുടെ വീട്ടിലെത്തിയവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് നിലവില്‍ പോലീസ്. അയല്‍വാസികള്‍ പറഞ്ഞാണ് പൂജയുടെ മരണ വിവരം താന്‍ അറിയുന്നതെന്ന് അടുത്ത് താമസിക്കുന്ന അമ്മ പോലീസിനോട് പറഞ്ഞു. പൂജയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. പൂജയും മകനും തനിച്ചാണ് വീട്ടില്‍ താമസം. ഇരുവരുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൈമാറിയിട്ടുണ്ട്.