കോട്ടയം:അധികാരത്തിലെത്തി ആറുമാസം പിന്നിടുമ്പോൾ നഗരസഭാ ഭരണസമിതിക്കെതിരെ അഴിമതിയാരോപണം. നഗരസഭയുടെ ഒരു കോടി രൂപ നിക്ഷേപിച്ചിരുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ട് നിയമവിരുദ്ധമായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേയ്ക്ക് പാരിതോഷികം വാങ്ങി മാറ്റിയതില്‍ പ്രതിഷേധിച്ച് ചെയര്‍പേഴ്സനെ പ്രതിപക്ഷം തടഞ്ഞുവച്ചു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ പണം തിരികെ നിക്ഷേപിക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
വലിയ തുക ഒറ്റയടിക്ക് പുതിയ ബാങ്കിലേയ്ക്ക് മാറ്റിയതോടെ പാരിതോഷികമായി സ്കൂട്ടറും ലഭിച്ചു. ലഭിച്ച സ്കൂട്ടറുകളില്‍ ഒന്ന് നഗരസഭയിലുണ്ട്. ബാക്കിയുള്ളവ ചില ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ പേരിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിഫലം പറ്റി പൊതുപണം സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് അഴിമതിയാണെന്നും വിജിലന്‍സിന് പരാതി നല്‍കുമെന്നും പ്രതിപക്ഷം പറഞ്ഞു.
ഓണ്‍ലൈനായിട്ടായിരുന്നു കൗണ്‍സിലെങ്കിലും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നേരിട്ട് ഹാജരായി. വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനായാണ് പങ്കെടുത്തത്. ഒരു ഭരണപക്ഷ കൗണ്‍സിലറാവട്ടെ ഷര്‍ട്ട് പോലും ധരിക്കാതെയാണ് പങ്കെടുത്തത്.
നഗരസഭാദ്ധ്യക്ഷയും കൂട്ടാളികളും ചേര്‍ന്നാണ് അഴിമതിക്ക് കളമൊരുക്കിയത്. തിങ്കളാഴ്ച പണം തിരികെ നിക്ഷേപിക്കുമെന്നാണ് ഉറപ്പെങ്കിലും വിജിലന്‍സിനെ സമീപിക്കാനാണ് തീരുമാനമെന്ന് പ്രതിപക്ഷം അറിയിച്ചു.