KeralaNews

‘ബ്രഹ്മപുരത്തെ തീ നിയന്ത്രണ വിധേയം; വൈകിട്ടോടെ അണയ്ക്കും, ആശങ്ക വേണ്ട:മന്ത്രിമാര്‍

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ നിയന്ത്രണ വിധേയമെന്നു വ്യവസായ മന്ത്രി പി.രാജീവ്. വൈകിട്ടോടെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചേക്കും. ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക കോ–ഓർഡിനേഷൻ കമ്മിറ്റിക്കു രൂപം നൽകും. മാലിന്യനീക്കം പുനരാരംഭിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.


ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയൊരു സാഹചര്യമില്ല. ആസ്മ രോഗബാധിതർ മാത്രം പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിച്ചാൽ മതിയാകുമെന്നും മന്ത്രി വ്യക്തമാക്കി. കലക്ടറേറ്റിൽ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രഹ്മപുരത്തു നിന്നുള്ള പുക ശ്വസിച്ചു കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പുക ശ്വസിച്ച് ആർക്കെങ്കിലും അസുഖങ്ങൾ ഉണ്ടായാൽ ചികിത്സയ്ക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രികളിൽ‌ ഓക്സിജൻ സൗകര്യമുള്ള കിടക്കകളും സജ്ജമാക്കി. ബ്രഹ്മപുരത്ത് 2 ഓക്സിജൻ പാർലറുകൾ ഒരുക്കി. ബ്രഹ്മപുരത്തിനു തൊട്ടടുത്തുള്ള വടവുകോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അടുത്ത ഒരാഴ്ച മുഴുവൻസമയ ഡോക്ടറുടെ സേവനം ലഭ്യമാക്കും. എല്ലാവരും മാസ്ക് ധരിക്കണം. എൻ95 മാസ്ക് ധരിക്കുന്നതാണു നല്ലത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 2 കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button