സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി; ‘റോക്കി ഭായ്’ എന്ന് സ്വയം പരിചയപ്പെടുത്തി ഫോണ്‍ കോള്‍
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി. സമീപകാലത്ത് നിരവധി തവണ അദ്ദേഹത്തിനു നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച രാത്രി 9 മണിയോടെ മുംബൈ പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണില്‍ ഭീഷണിസന്ദേശം എത്തിയത്. ഏപ്രില്‍ 30 ന് സല്‍മാന്‍ ഖാനെ വധിക്കും എന്നാണ് ഇത്. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള ആളാണ് താനെന്നും റോക്കി ഭായ് എന്നാണ് പേരെന്നുമാണ് വിളിച്ചയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഒപ്പം താനൊരു ഗോസംരക്ഷകനാണെന്നും സ്വയം പരിചയപ്പെടുത്തിയിട്ടുണ്ട് ഇയാള്‍. ഇതേത്തുടര്‍ന്ന് മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ്‍യും സല്‍മാന്‍ ഖാനെതിരെ അടുത്തിടെ വധഭീഷണി മുഴക്കിയിരുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ ആയിരുന്നു ഇത്. പിന്നാലെ ലോറന്‍സ് ബിഷ്‍ണോയ്‍യുടെ സംഘത്തിന്‍റെ പേരില്‍ വധഭീഷണിയടങ്ങിയ ഒരു ഇമെയില്‍ സന്ദേശവും ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സല്‍മാന്‍ ഖാന്‍റെ മുംബൈയിലെ വസതിക്ക് മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
തനിക്കെതിരായി വധഭീഷണികള്‍ ആവര്‍ത്തിക്കുന്നതിനെ തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ വിദേശത്തു നിന്ന് ഒരു ബുള്ളറ്റ് പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്തതും വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്ത നിസാന്‍ പെട്രോള്‍ എസ്‍യുവിയാണ് അദ്ദേഹം വാങ്ങിയത്.
അതേസമയം കിസീ കാ ഭായ് കിസീ കി ജാന്‍ ആണ് സല്‍മാന്‍ ഖാന്‍റേതായി പുറത്തെത്താനിരിക്കുന്ന പുതിയ ചിത്രം. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവും സല്‍മാന്‍ ഖാന്‍ ആണ്. ഈദ് റിലീസ് ആയി ഏപ്രില്‍ 21 ന് ചിത്രം തിയറ്ററുകളില്‍ എത്തും. വി മണികണ്ഠന്‍ ആണ് ഛായാഗ്രാഹകന്‍. അസോസിയേറ്റ് പ്രൊഡ്യൂസര്‍ ഷമിറാ നമ്പ്യാര്‍, സംഗീതം ഹിമേഷ് രഷമിയ, രവി ബസ്‍രൂര്‍, സുഖ്‍ബീര്‍ സിംഗ്, ദേവി ശ്രീ പ്രസാദ്, സാജിദ് ഖാന്‍, പായല്‍ ദേവ്, അമാല്‍ മാലിക് എന്നിവരാണ്. പശ്ചാത്തല സംഗീതം രവി ബസ്‍രൂര്‍, എഡിറ്റിംഗ് മയൂരേഷ് സാവന്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ രജത് പൊദ്ദാര്‍.