KeralaNews

‘യോജിക്കാനാകില്ല’ മൈതാനംവിട്ട സംഭവം: ബ്ലാസ്റ്റേഴ്‌സ് പരിശീലകനെതിരെ യു.ഷറഫലി

ബെംഗളൂരു : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫില്‍ ഫ്രീകിക്ക് ഗോളിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കളി പൂര്‍ത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് കളം വിട്ടതില്‍ സമ്മിശ്ര പ്രതികരണങ്ങളുമായി മുന്‍ താരങ്ങള്‍. താരങ്ങളെ മൈതാനത്ത് നിന്ന് പിന്‍വലിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകൊമനോവിച്ചിന്റെ തീരുമാനത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനുമായ യു.ഷറഫലി രംഗത്തെത്തി. വാന്‍ വുകൊമനോവിച്ചിന്റെ തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ടീമിനെ പിന്‍വലിക്കുന്നത് പ്രൊഫഷണലിസമല്ലെന്നും മാന്യമായ നടപടിയല്ലെന്നും ഷറഫലി വ്യക്തമാക്കി.

ഇക്കാലത്ത്, അവര്‍ക്ക് അവരുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ നിരവധി വഴികളും മാര്‍ഗങ്ങളും ഉണ്ട്. റഫറിയുടെ തീരുമാനത്തോട് യോജിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് മാച്ച് കമ്മീഷണറോട് പരാതിപ്പെടാം അല്ലെങ്കില്‍ സംഘാടകര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. എന്നാല്‍ ഗ്രൗണ്ടില്‍ നിന്ന് ടീമിനെ പിന്‍വലിക്കുന്നത് ശരിയല്ല’ ഷറഫലി കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഛേത്രി നേടിയ ഗോള്‍ നിയമപരമാണെങ്കിലും അദ്ദേഹത്തെ പോലെ നിലവാരമുള്ള ഒരു കളിക്കാരന്‍ അത്തരത്തിലുള്ള മാര്‍ഗത്തിലൂടെ ഒരു മത്സരം ജയിക്കാന്‍ പാടില്ലായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ വിക്ടര്‍ മഞ്ഞില പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസമായാണ് ഛേത്രിയെ കണക്കാക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് മാന്യമല്ലാത്ത പെരുമാറ്റമായിരുന്നുവെന്നും മഞ്ഞില പറഞ്ഞു.

ബ്ലാസ്റ്റേഴസ് പരിശീലകന്‍ ആ സാഹചര്യത്തിന്റെ ചൂടില്‍ തന്റെ കളിക്കാരെ തിരിച്ചുവിളിച്ചിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റഫറിയിംഗിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചിന്തിക്കാന്‍ ഐഎസ്എല്‍ അധികൃതരെ പ്രേരിപ്പിച്ചാല്‍, അത് നല്ല കാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐസ്എല്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഇതു വരെ കാണാത്ത നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മത്സരത്തില്‍ വിവാദഗോളിലാണ് ബംഗളുരു എഫ്. സി. ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത് (1-0). ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളാണ് വിവാദത്തിനും ബ്ലാസ്റ്റേഴ്സിന്റെ ബഹിഷ്‌ക്കരണത്തിനും കാരണമായത്. കളി ബഹിഷ്‌ക്കരിച്ചതോടെ ബ്ലാസ്റ്റേഴ്സിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.

96ാംമിനിറ്റിലാണ് സംഭവം. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഫ്രീ കിക്കിനായി തയ്യാറാകുന്നതിന് മുന്‍പ് സുനില്‍ ഛേത്രിയെടുത്ത കിക്ക് വലയിലെത്തി. റഫറി ഗോള്‍ ആയി അനുവദിക്കുകയും ചെയ്തു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിച്ചു. പരിശീലകന്‍ ഇവാന്‍ വുകൊമനോവിച്ചും സൈഡ് ബെഞ്ചിലിരുന്ന താരങ്ങളും ഗ്രൗണ്ടിലിറങ്ങി ഗോള്‍ അല്ലെന്ന് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. കുറച്ചു നേരം കൂടിയാലോചിച്ച ശേഷം പരിശീലകനൊപ്പം ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടു. 15 മിനിറ്റുകള്‍ക്ക് ശേഷം ബി.എഫ്. സി. യെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button