തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഞ്ചരിച്ച കാറിന്റെ പുറകിലുള്ള ഗ്ലാസിനു കേടുപാടുണ്ടായി 76,357 രൂപയുടെ നഷ്ടം വന്നെന്നു രാജ്ഭവന്‍. നാശനഷ്ടം വ്യക്തമാക്കി രാജ്ഭവനില്‍നിന്ന് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു.
പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തകരായതിനാല്‍ ജാമ്യം നല്‍കിയാല്‍ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കേസ് ദുര്‍ബലപ്പെടുത്തുമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ ആറു പ്രതികളെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) റിമാന്‍ഡ് ചെയ്തു. ആറാം പ്രതി അമന്‍ ഗഫൂറിനു എല്‍എല്‍ബി പരീക്ഷയുള്ളതിനാല്‍ ഇടക്കാല ജാമ്യം അനുവദിച്ചു. സംസ്ഥാനത്തെ പ്രഥമ പൗരനുനേരെയാണ് അതിക്രമം നടന്നതെന്നു കോടതി നിരീക്ഷിച്ചു.
ജാമ്യം നല്‍കിയാല്‍ പ്രതികള്‍ സാക്ഷികളെ സ്വധീനിച്ചും ഭീഷണിപ്പെടുത്തിയും കേസിന്റെ സുഗമമായ അന്വേഷണത്തിനു തടസ്സം നില്‍ക്കുമെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് ഉടനടി ജാമ്യം നല്‍കി വിട്ടയച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. പ്രതികള്‍ തുടര്‍ന്നും ഇത്തരം കുറ്റം ചെയ്യാന്‍ സാധ്യതയുണ്ട്. പ്രതികള്‍ പൊതുസ്ഥലത്ത് നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചു. ഗവര്‍ണറുടെ ഔദ്യോഗിക വാഹനത്തിനു നാശനഷ്ടം വരുത്തി.
പ്രതികളുടെ കുറ്റകരമായ പ്രവൃത്തി മറ്റു രാഷ്ട്രീയ സംഘടനകള്‍ പിന്തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. പ്രതികളുടേത് ഗുരുതരമായ കുറ്റമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വിദ്യാര്‍ഥികള്‍ നടത്തിയത് പ്രതിഷേധം മാത്രമാണെന്നും ഗവര്‍ണറെ തടഞ്ഞുവച്ചിട്ടില്ലെന്നും പ്രതികള്‍ക്കുവേണ്ടി ഹാജരായ എ.എ.ഹക്കിം വാദിച്ചു.