ആറ്റിങ്ങല്‍: വനം കൊള്ളയ്ക്കെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത്. കാരണം മറ്റൊന്നുമല്ല, ബി.ജെ.പി പ്രവര്‍ത്തക പ്രതിഷേധത്തിനിടയില്‍ കൈയ്യിലേന്തിയ പ്ലക്കാര്‍ഡാണ്. ഇന്ധന വില വര്‍ധനവിനെതിരെയുള്ള ഡിവൈഎഫ്ഐ പ്ലക്കാര്‍ഡായിരുന്നു പ്രവര്‍ത്തക ഉയര്‍ത്തിപ്പിടിച്ചത്. സംഭവത്തിന്റെ വീഡിയോ തരംഗമായി കഴിഞ്ഞു. ഒപ്പം ട്രോളും സൈബര്‍ ഇടത്ത് നിറയുകയാണ്.
ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ ബിജെപി നടത്തിയ പ്രതിഷേധത്തിലാണ് പ്രവര്‍ത്തകയ്ക്ക് പ്ലക്കാര്‍ഡ് മാറിപ്പോയത്. വനം കൊള്ളക്കാരെ അറസ്റ്റ് ചെയ്യൂ, വനം കൊള്ളയ്‌ക്കെതിരെ പ്രതിഷേധം എന്നെഴുതിയ പ്ലക്കാര്‍ഡായിരുന്നു ബി.ജെ.പി. പ്രവര്‍ത്തകര്‍ പിടിച്ചിരുന്നത്. എന്നാല്‍ ഒരു വനിത പ്രവര്‍ത്തകയുടെ കൈയിലെ പ്ലക്കാര്‍ഡില്‍ മാത്രം ഡി.വൈ.എഫ്.ഐയുടെ മുദ്രാവാക്യമാണുണ്ടായിരുന്നത്.
പെട്രോള്‍ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക- ഡി.വൈ.എഫ്.ഐ. എന്നായിരുന്നു പ്ലക്കാര്‍ഡിലുണ്ടായിരുന്നത്. അമളി മനസിലായതോടെ പ്രവര്‍ത്തകയും നേതാക്കളും പ്ലക്കാര്‍ഡ് കീറിക്കളഞ്ഞ ശേഷം വനംകൊള്ളയ്ക്കെതിരെയുള്ള പ്രതിഷേധമെന്ന് ഒട്ടിക്കുകയും ചെയ്തു.