ലക്നൗ: ഉത്തർപ്രദേശിൽ നടന്ന ഒരു പൊതു പരിപാടിയിൽ ബിജെപി എം പി സതീഷ് ഗൗതം സ്റ്റേജിൽ തൊട്ടരികിലിരുന്ന വനിത എംഎൽഎയുടെ തോളിൽ കയ്യിടുന്ന വീഡിയോ സമൂഹമാധ്യമത്തിൽ ചര്‍ച്ചയായി. വീഡിയോ വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.
സതീഷ് ഗൗതം വനിതാ എംഎൽഎയുടെ തോളിൽ കൈ വയ്ക്കുന്നതും അവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതും വീഡിയോയിൽ കാണാം. ഉത്തർ പ്രദേശിലെ അലിഗഢിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം.
വനിത എംഎൽഎ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും സതീഷ് ഗൗതം തോളിൽ നിന്ന് കൈ എടുത്തുമാറ്റിയില്ല. തുടർന്ന് സീറ്റ് മാറിയിരിക്കുകയായിരുന്നു എംഎൽഎ. സെപ്റ്റംബർ 25ന് നടന്ന പരിപാടിയിലെ സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്.
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ശ്രീറാം ബാങ്ക്വറ്റ് ഹാളിൽ നടന്ന പരിപാടിയിലായിരുന്നു സംഭവം. ഗതാഗത മന്ത്രി ദയാശങ്കർ സിംഗ്, ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ, മുൻ മേയർ ശകുന്തള ഭാരതി, ബിജെപി എക്‌സിക്യൂട്ടീവ് അംഗം പൂനം ബജാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിജയ് സിംഗ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ വേദിയിലുണ്ടായിരുന്നു.