തനിക്കു കൊവിഡ് ബാധിച്ചാല്‍ മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്നു ബി.ജെ.പി നേതാവ്

കൊല്‍ക്കത്ത: തനിക്കു കൊവിഡ് ബാധിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്നു ബി.ജെ.പി നേതാവ്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപിയുടെ പുതിയ ദേശീയ സെക്രട്ടറി അനുപം ഹസ്രയാണു വിവാദപരാമര്‍ശം നടത്തിയത്.

എപ്പോഴെങ്കിലും തനിക്കു കൊവിഡ് പോസിറ്റിവാണെന്നു കണ്ടെത്തിയാല്‍ ഞാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്തുപോയി അവരെ കെട്ടിപ്പിടിക്കും. രോഗം ബാധിച്ചവരുടേയും കൊവിഡ് കാരണം പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരുടേയും വേദന അപ്പോള്‍ അവര്‍ മനസിലാക്കും എന്നാണ് അനുപം ഹസ്ര ഞായറാഴ്ച വൈകുന്നേരം സൗത്ത് 24 പര്‍ഗാനാസില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞത്.

പരാമര്‍ശം വിവാദമായതോടെ ഹസ്രയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി. സില്‍ഗുരി പോലീസ് സ്റ്റേഷനിലാണു പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹസ്ര മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്‌തെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ഉന്നയിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയായ അനുപം ഹസ്ര 2019-ലാണു ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തിനു പിന്നാലെയായിരുന്നു ഹസ്രയുടെ ഈ പരാമര്‍ശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News