25.2 C
Kottayam
Friday, May 17, 2024

മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നവനാണെങ്കിൽ ഒറ്റക്കൊമ്പറ്റെയും പുലിയുടെയുമെല്ലാം ഇടയിലൂടെ വന്നവരാണ് മലയോര കർഷകർ,വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നേരിടും; ബിഷപ് ജോസഫ് പാംപ്ലാനി

Must read

കൽപറ്റ: വന്യമൃഗത്തെ കൃഷിയിടത്തിൽ നേരിടുമെന്നും വനനിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരല്ലെന്നും തലശേരി അതിരൂപതാ ബിഷപ് ജോസഫ് പാംപ്ലാനി. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ വന്യമൃഗ ആക്രണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1972ലെ നിയമം മലയോര കർഷകർക്ക് മരണവാറന്റായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 

‘‘നിയമം മാറ്റാൻ തയാറായില്ലെങ്കിൽ ആ നിയമത്തിനു പുല്ലുവിലകൽപ്പിക്കും. കർഷക ജനത സാധാരണ തെരുവിലിറങ്ങാറില്ല. എന്നാൽ തെരുവിലിറങ്ങിയാൽ ലക്ഷ്യം നേടാതെ വച്ചകാൽ പിന്നോട്ടു വയ്ക്കില്ല. കണ്ണിൽ പൊടിയിടാനാണു സർക്കാർ ശ്രമിക്കുന്നത്. 909 ആളുകൾ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വനംമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇത്രയും ആളുകൾ കൊല്ലപ്പെട്ടിട്ടും എന്തുകൊണ്ടാണു സർക്കാർ ഇടപെടാതിരുന്നത്. ഇതിനെ മാന്യതയുടെ ഏറ്റവും നല്ല ഭാഷയിൽ തെമ്മാടിത്തം എന്നേ പറയാൻ സാധിക്കൂ.

മലയോര കർഷകരെ കടുവയ്ക്കു തിന്നുതീർക്കാനാണ് ഈ നിയമങ്ങൾ. വന്യജീവി സംരക്ഷണത്തിനു നിയമമുള്ളതുപോലെ മനുഷ്യ സംരക്ഷണത്തിനും നിയമം വേണം. നിയമം കയ്യിലെടുക്കാൻ പറയുന്നില്ല. എന്നാൽ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ നേരിടുക തന്നെ ചെയ്യും. ഭരണഘടന ഉറപ്പുവരുത്തുന്ന സ്വാതന്ത്ര്യത്തെ മാനിക്കാത്ത നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥതയില്ല. സർക്കാരിനെയും വന്യമൃഗങ്ങളെയും ഭയമില്ല. 

ചില മന്ത്രിമാർ പറഞ്ഞത് കേട്ടാൻ കുത്താൻ വരുന്ന കാട്ടാനയായിരുന്നു ഭേദം എന്നാണ് തോന്നിയത്. വനംമന്ത്രി പറഞ്ഞത് ഇത് ഞങ്ങളുടെ വിഷയമല്ല, കേന്ദ്രത്തിന്റെ കാര്യമാണ് അതിനാൽ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നാണ്. ഒന്നും ചെയ്യാൻ സാധിക്കില്ലെങ്കിൽ വെള്ളാനയായ ഈ വകുപ്പ് എന്തിനാണ്? വനംവകുപ്പ് ഉദ്യോഗസ്ഥർ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നു പറഞ്ഞാണ് കേസ് എടുക്കുന്നത്. വനംവകുപ്പ് ചെയ്യുന്ന ഏക കൃത്യം കർഷകർക്കെതിരെ കേസ് എടുക്കുക എന്നതാണ്. 

ഇനിമുതൽ നിങ്ങളുടെ പറമ്പിലെ പന്നി നിങ്ങളുടേതാണ്. കൂട്ടിലിട്ടിട്ടില്ലെന്നേയുള്ളു. നിങ്ങളുടെ പറമ്പിലെ മയിൽ നിങ്ങൾ പറമ്പിൽ അഴിച്ചുവിട്ടിരിക്കുന്ന കോഴികളെപ്പോലെയാണ്. നികുതി അടച്ച് സ്വന്തം ഉടമസ്ഥതയിലുള്ള പറമ്പിൽ വന്യജീവി സംരക്ഷണ നിയമം പാലിക്കാൻ തയാറല്ല. വന്യജീവികൾ സംരക്ഷിക്കപ്പെടേണ്ടത് വനത്തിലാണ്. വനംവകുപ്പിന് വന്യജീവികളെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ ആ ബാധ്യത കർഷകനില്ല.

റേഡിയോ കോളർ ഘടിപ്പിച്ച ആനയെപ്പോലും നിരീക്ഷിക്കാൻ സാധിക്കുന്നില്ല. റേഡിയോ കോളർ ആനയ്ക്കു താലികെട്ടിയതല്ല. റേഡിയോ കോളർ കെട്ടേണ്ടത് വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണ്. അവർ വരുന്നുണ്ടെന്ന് അറിഞ്ഞാൽ ഓടി രക്ഷപ്പെടാമല്ലോ. നമ്മുടെ കൂട്ടായ്മയിലെ വിള്ളലാണ് നമ്മുടെ ആളുകളുടെ മേൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു കുതിര കയറാൻ അവസരം നൽകിയത്. 

മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നവനാണെങ്കിൽ ഒറ്റക്കൊമ്പറ്റെയും പുലിയുടെയുമെല്ലാം ഇടയിലൂടെ വന്നവരാണ് മലയോര കർഷകർ. അതുകൊണ്ട് കേസ് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. കേസുകൾ പിൻവലിക്കുകയും കേസ് എടുത്തത് തെറ്റായിപ്പോയി എന്ന് പറയുകയും ചെയ്തിട്ടു മാത്രമേ വോട്ട് ചോദിച്ചുവരേണ്ടതുള്ളു. ളോഹയിട്ടവരാണ് അക്രമത്തിനു പിന്നിലെന്നു ചില പാർട്ടിക്കാർ പറഞ്ഞു. ഒരു നൂറ്റാണ്ടായി മലയോര കർഷകർക്കൊപ്പം ളോഹയിട്ടവരുണ്ട്. അതിനിയും തുടരും. വായടപ്പിക്കാൻ നോക്കേണ്ടതില്ല’’ – അദ്ദേഹം പറഞ്ഞു.

വോട്ടുചെയ്ത് വിജയിപ്പിച്ചുവിടുന്നവർ നിയമസഭയിലെത്തിയാൽ മൃഗങ്ങൾക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അധ്യക്ഷത വഹിച്ച മാനന്തവാടി രൂപതാ ബിഷപ് മാർ ജോസ് പൊരുന്നേടം പറഞ്ഞു. വീട്ടിൽ കന്നുകാലികളെയും കോഴിയെയും വളർത്താൻ പാടില്ലെന്നാണ് ഒരു മന്ത്രി പറ‍ഞ്ഞത്. അതു വന്യമൃഗങ്ങളെ ആകർഷിക്കുമെന്നാണ് വാദം. ഇത്തരക്കാരോട് കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മക്കൾ പറഞ്ഞതുപോലെ കാട്ടിലേക്കു വോട്ട് ചോദിച്ചു പൊയ്‌ക്കോളൂ എന്നേ പറയാനുള്ളു.

ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ല. കുടിയേറ്റക്കാരെ കയ്യേറ്റക്കാരായാണു ചിത്രീകരിക്കുന്നത്. ആനയുടെ സൈക്കോളജി അറിയാത്തതുകൊണ്ടാണ് പടക്കം എറിയുന്നതന്നാണ്. ആനയുടെ സൈക്കോളി അറിയുന്ന പണ്ഡിതരേക്കാൾ ആനയെ അറിയുന്നവരാണ് വയനാട്ടുകാർ. വനസംരക്ഷണത്തിനായി നിയമം കൊണ്ടുവന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഇവർക്ക് വലിയ ഫണ്ട് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ കർഷകപ്രതിനിധിയെ പാർലമെന്റിലേക്ക് അയയ്ക്കാൻ നമുക്ക് സാധിക്കണമെന്ന് മാർ റെമിജിയോസ് ഇഞ്ചനാനി പറഞ്ഞു. പ്രകടനപത്രികകളിൽ ഒരു വിശ്വാസവുമില്ല. റബറിനു വില കൂട്ടുമെന്നും പെൻഷൻ വിതരണം ചെയ്യുമെന്നുമെല്ലാമുള്ള വാഗ്ദാനങ്ങൾ നമ്മൾ കേട്ടതാണ്. ഇതെല്ലാം വോട്ട് കിട്ടുന്നതിനുള്ള തന്ത്രം മാത്രമാണ്.

വന്യമൃഗ ആക്രമണത്തിനെതിരെ മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ കൽപറ്റയിൽ സംഘടിപ്പിച്ച റാലിയിൽ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. കൽപറ്റ കൈനാട്ടിയിൽനിന്ന് ആരംഭിച്ച റാലി പുതിയ ബസ് സ്റ്റാൻഡില്‍ സമാപിച്ചു. രാവിലെ മുതൽ കലക്ടറേറ്റിന് മുന്നിൽ മുന്നൂറോളം പേർ ഉപവാസ സമരവും നടത്തിയിരുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week