കൊച്ചി: മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് കുടിക്കുന്ന കുപ്പിയില്‍ തന്നെ എഴുതിയിട്ടുണ്ട്. ദോഷവശങ്ങള്‍ എല്ലാം അറിഞ്ഞിട്ടും അത് നിര്‍ത്താന്‍ പലര്‍ക്കും സാധിക്കാറില്ല. എന്നാല്‍ ഇനി അല്‍പ്പം മദ്യപിച്ചാലും രോഗം വരാതെ ശ്രദ്ധിക്കാന്‍ കഴിഞ്ഞാലോ. തുളസി, അശ്വഗന്ധ, നെല്ലിക്ക, കറ്റാര്‍വാഴ എന്നിവക്കൊപ്പം അനേകം ആയുര്‍വേദ പച്ചമരുന്നുകളും ഉപയോഗിച്ചുള്ള മദ്യം പുറത്തിറക്കിരിക്കുകയാണ് ബംഗളൂരുവിലെ ബയോ ലിക്കേഴ്‌സ് കമ്പനി.
വിസ്‌കി, ബ്രാന്‍ഡി, റം, വോഡ്ക എല്ലാമുണ്ട്. എല്ലാറ്റിനും നാടന്‍ പച്ചമരുന്നുകളുടെ മണവും രുചിയുമാണുള്ളത്. പച്ചമരുന്നുകളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചു മിക്‌സ് ചെയ്താണ് വിവിധതരം മദ്യങ്ങള്‍ ഉത്പാദിപ്പിച്ചിരിക്കുന്നത്. യുഎസില്‍ നടന്ന സ്പിരിറ്റ് ടേസ്റ്റിങ് മല്‍സരത്തില്‍ സമ്മാനവും നേടിയിട്ടുണ്ട് കമ്പനി.
കരളിനും ആന്തരികാവയവങ്ങള്‍ക്കും മദ്യം സാധാരണ സൃഷ്ടിക്കുന്ന രോഗപീഡകളില്‍ നിന്ന് പുതിയ ഉത്പന്നങ്ങള്‍ സംരക്ഷണം നല്‍കുന്നുവെന്ന് എംഡി ശ്രീനിവാസ റായലും അവകാശപ്പെടുന്നു. ഇനി ഇതേ പച്ചമരുന്നുകള്‍ ഉപയോഗിച്ച് ബയോവൈനും ബയോ ബീയറും ബയോ ടെക്വിലയും ഉത്പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ബയോ ലിക്കേഴ്‌സ്.
അതേസമയം കേരളത്തിലും ഇത് പുതിയൊരു വ്യവസായ മേഖല തുറക്കുകയാണ്. സുഗന്ധദ്രവ്യ സത്തുകള്‍ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കമ്പനികളും ഇതിന്റെ സാധ്യത പരീക്ഷിക്കുന്നു. തുളസിയുടെയും അശ്വഗന്ധയുടെയും മറ്റും അതേ മണവും ഗുണവും രുചിയുമുള്ള സത്ത് ഉത്പാദിപ്പിച്ച് അവ കൊണ്ടു മദ്യം ഉണ്ടാക്കുകയോ അവ ഉണ്ടാക്കുന്ന കമ്പനികള്‍ക്കു കൈമാറുകയോ ചെയ്യാം.