റഷ്യയില്‍ ബൈക്ക് ട്രിപ്പുമായി അജിത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍!, സഞ്ചാരം ബിഎംഡബ്ല്യു ആര്‍ 1250 ജിഎസില്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത് കുമാര്‍.സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത അജിത്തിന്റെ വിശേഷങ്ങളൊക്കെ ഇടയ്ക്ക് വൈറലാകാറുണ്ട്. ഇപ്പോഴിതാ ബൈക്കില്‍ റോഡ് ട്രിപ്പ് നടത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.’വലിമൈ’യുടെ അവസാന ഷെഡ്യൂളിനുവേണ്ടി റഷ്യയില്‍ എത്തിയതായിരുന്നു അദ്ദേഹം.
കൊവിഡ് ലോക്ക് ഡൗണ്‍ കാലത്തിനു ശേഷമുള്ള ഒരു വിശ്രമവേളയായാണ് അദ്ദേഹം ബൈക്ക് ട്രിപ്പിനെ കാണുന്നതെന്നും ബൈക്കില്‍ ഒരു ലോകപര്യടനം നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഗൗരവത്തോടെ ആലോചിക്കുന്നുണ്ടെന്നുമാണ് വിവരം.
ഏതാനും ദിവസം മുന്‍പാണ് വലിയൈ ഫൈനല്‍ ഷെഡ്യൂളിനായി അജിത്ത് കുമാര്‍ റഷ്യയിലേക്ക് പോയത്. ചിത്രത്തില്‍ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചതിനു ശേഷമാണ് അജിത്ത് കുമാര്‍ റഷ്യയിലെ ബൈക്ക് യാത്ര ആരംഭിച്ചിരിക്കുന്നത്.
ബിഎംഡബ്ല്യു ആര്‍ 1250 ജിഎസിലാണ് സഞ്ചാരം. ഇന്ത്യയിലേക്ക് തിരിച്ച് വിമാനം കയറുംമുന്‍പ് 5000 കിലോമീറ്റര്‍ ബൈക്കില്‍ അദ്ദേഹം പൂര്‍ത്തിയാക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.
അതേസമയം അജിത്ത് കുമാറിന്റെ പുതിയ ബൈക്ക് ട്രിപ്പിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറല്‍ ആയിട്ടുണ്ട്. ആരാധകര്‍ ആവേശത്തോടെയാണ് ഈ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ ഹൈദരാബാദ്-സിക്കിം യാത്രയ്ക്കിടയിലെ ചിത്രങ്ങളും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.