News

തോട്ടത്തില്‍ കളിക്കുന്ന കുട്ടികളെ പേടിപ്പിക്കാന്‍ വെടിയുതിര്‍ത്തു; മന്ത്രി പുത്രനെ ഓടിച്ചിട്ട് പെരുമാറി നാട്ടുകാര്‍

പാട്‌ന: ബിഹാറിലെ മന്ത്രി പുത്രനെ ഗ്രാമവാസികള്‍ കല്ലെറിഞ്ഞും മര്‍ദ്ദിച്ചും നേരിട്ടതായി പോലീസ്. തോട്ടത്തില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളെ ഓടിക്കാന്‍ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് മന്ത്രിയുടെ മകനെ ഗ്രാമവാസികള്‍ മര്‍ദ്ദിച്ചത്. ഞായറാഴ്ച ബിഹാറിലെ വെസ്റ്റ് ചാമ്പരന്‍ ജില്ലയിലായിരുന്നു സംഭവം. ബിഹാര്‍ ടൂറിസം മന്ത്രി നാരായണ്‍ പ്രസാദ് സാഹയുടെ മകന്‍ ബബ്ലു കുമാറാണ് കുട്ടികളെ ഓടിക്കാന്‍ വെടിയുതിര്‍ത്തെന്ന് ഗ്രാമീണര്‍ പറയുന്നു.

ക്രിക്കറ്റ് കളിക്കുന്നതിനിടെ മന്ത്രിയുടെ കുടുംബാംഗങ്ങള്‍ കുട്ടികളെ മര്‍ദിച്ചുവെന്നും ബബ്ലു ആകാശത്തേക്ക് വെടിയുതിര്‍ത്തത് സ്ഥിതി വഷളാക്കിയെന്നുമാണ് ഗ്രാമവാസികളുടെ ആരോപണം. തുടര്‍ന്ന് മന്ത്രിയുടെ മകന്‍ ബബ്ലു കുമാറും ഗ്രാമവാസികളും തമ്മില്‍ ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു. ബബ്ലു കുമാറിന്റെ കൈയില്‍ നിന്ന് ഗ്രാമവാസികള്‍ തോക്ക് തട്ടിയെടുക്കുകയും ചെയ്തു. ഹര്‍ദിയ ഗ്രാമത്തിലാണ് മന്ത്രി നാരായണ്‍ പ്രസാദ് സാഹയുടെ വീടുള്ളത്.

മന്ത്രിയുടെ മാമ്പഴ തോട്ടത്തില്‍ ഞായറാഴ്ച രാവിലെ ഒരു സംഘം കുട്ടികള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഈ സമയം മന്ത്രിയുടെ മകന്‍ ബബ്ലു പ്രസാദും കൂട്ടാളികളും ഇങ്ങോട്ടേക്കെത്തുകയും കുട്ടികളോട് സ്ഥലം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളും മന്ത്രി പുത്രനും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ചില കുട്ടികള്‍ക്ക് മര്‍ദനമേറ്റു. ശേഷം കുട്ടികളെ ഓടിക്കാന്‍ മന്ത്രിപുത്രന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു.

കുട്ടികള്‍ക്ക് മര്‍ദനമേറ്റതറിഞ്ഞ് ഗ്രാമവസികള്‍ സംഘടിച്ചെത്തി. മന്ത്രി പുത്രനേയും കൂട്ടാളികളേയും ഗ്രാമവാസികള്‍ മര്‍ദിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ മന്ത്രിയുടെ കാറും ഗ്രാമവാസികള്‍ എറിഞ്ഞു തകര്‍ത്തു. സ്ഥിതിഗതികള്‍ ഗുരുതരമാകുന്നത് കണ്ട് മന്ത്രിയുടെ മകനും അമ്മാവന്‍ ഹരേന്ദ്ര പ്രസാദും ഒപ്പമുണ്ടായിരുന്നവരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

കല്ലേറില്‍ ഇരുവിഭാഗത്തിനും പരിക്കേറ്റതായി ബിഹാര്‍ ടൂറിസം മന്ത്രി നാരായണ്‍ പ്രസാദ് സാഹ പറഞ്ഞു. എതിരാളികള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള കിംവദന്തികളാണ് പടച്ചുവിടുന്നതെന്നും വാക്കുതര്‍ക്കത്തിനിടെ കുട്ടികളുടെ ബന്ധുക്കള്‍ ഇഷ്ടികകള്‍ എറിയുകയായിരുന്നുവെന്നും മന്ത്രി പറയുന്നു. തന്റെ മകന്‍ വെടിയുതിര്‍ത്തില്ല, റിവോള്‍വര്‍ തട്ടിപ്പറിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button