CrimeKeralaNews

കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട,രണ്ടിടത്തായി മൂന്നുപേര്‍ പിടിയില്‍

കോട്ടയം: കോട്ടയത്ത് രണ്ടിടങ്ങളിലായി വില്‍പനയ്ക്കായി എത്തിച്ച കഞ്ചാവുമായി മൂന്നു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശിയായ യുവാവും രണ്ട് അതിഥി തൊഴിലാളികളുമായി കഞ്ചാവുമായി പിടിയിലായത്.

 നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഒന്നേ കാല്‍ കിലോ കഞ്ചാവുമായി മലയാളി യുവാവിനെ പിടികൂടിയത്. തലയോലപ്പറമ്പില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇതര സംസ്ഥാന തൊഴിലാളികളായ യുവാക്കളില്‍ നിന്ന് ഒന്നേ മുക്കാല്‍ കിലോ കഞ്ചാവും പിടികൂടി.

തിരുവല്ല കവിയൂര്‍ സ്വദേശി സി.വി.അരുണ്‍മോനെയാണ് കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കഞ്ചാവുമായി എക്സൈസ് സംഘം പിടിച്ചത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പന നടത്താനാണ് അരുണ്‍ കഞ്ചാവ് കൊണ്ടു വന്നതെന്ന് എക്സൈസ് പറയുന്നു.

ബാഗില്‍ കഞ്ചാവുമായി എത്തിയ അരുണ്‍ എക്സൈസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടിക്കുകയായിരുന്നെന്ന് എക്സൈസ് പറഞ്ഞു. കോട്ടയം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.വൈ.ചെറിയാനും സംഘവുമാണ് അരുണിനെ അറസ്റ്റ് ചെയ്തത്. 

തലയോലപ്പറമ്പ് വരിക്കാംകുന്ന് നീര്‍പ്പാറയില്‍ നിന്നാണ് ഇതര സംസ്ഥാന തൊഴിലാളികളായ ജല്‍ഹക്ക്, അക്ബര്‍ എന്നിവില്‍ പിടിയിലായത്. ഹഖ് ആസാം സ്വദേശിയും അക്ബര്‍ ബംഗാള്‍ സ്വദേശിയുമാണ്. കഞ്ചാവ് സഞ്ചിയിലാക്കി കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. ഒന്നേ മുക്കാല്‍ കിലോ കഞ്ചാവിനൊപ്പം കഞ്ചാവ് വിറ്റു കിട്ടിയ 8155 രൂപയും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.

എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുകേസിലുമായി പിടിയിലായ മൂന്ന് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.

അതിനിടെ കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ ജോർജ് പൊലീസിന്‍റെ പിടിയിലായി. തമിഴ്നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.

കുമാരനെല്ലൂര്‍ വലിയാലിന്‍ചുവടിനു സമീപം ഡെല്‍റ്റ കെ നയന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന നായ പരിശീലന കേന്ദ്രത്തിന്‍റെ മറവിലാണ് കഞ്ചാവ് കച്ചവടം നടന്നിരുന്നത്. അതേസമയം താന്‍ നിരപരാധിയാണെന്നും തന്നെ സുഹൃത്ത് കുടുക്കിയതാണെന്നെന്നും റോബിൻ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button