കോട്ടയം:എം ജി യൂണിവേഴ്സിറ്റി പടിക്കൽ സമരം ചെയ്യുന്നതിന് നേതൃത്വം കൊടുക്കുന്ന ഭീം ആർമി സംസ്ഥാന മേധാവി റോബിൻ ജോബിനെ അറസ്റ്റ് ചെയ്ത് പോലിസ്.ദലിത് ഗവേഷക വിദ്യാർഥിനി ദീപ പി മോഹനൻ നടത്തുന്ന നിരാഹാര സമര വേദിക്കരികിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴ രാമങ്കരി സ്വദേശിനിയായ 29 കാരിയുടെ പരാതിയിലാണ് റോബിൻ ജോബിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആദ്യം രാമങ്കരി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഒക്ടോബർ ആദ്യ ആഴ്ചയാണ് രാമങ്കരി സ്വദേശിനിയായ പെൺകുട്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പരാതി രാമങ്കരി പൊലീസിന് കൈമാറുകയായിരുന്നു.
അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ലോഡ്ജിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. 2019 ലാണ് കേസിനാസ്പദമായ ലൈംഗിക പീഡനം നടന്നത്. വിവാഹവാഗ്ദാനം നൽകിയാണ് ലൈംഗിക പീഡനം നടത്തിയതെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. പീഡനം നടന്നത് അടിമാലിയിൽ ആയതിനാൽ രാമങ്കരി പോലീസിൽ നിന്നും കേസ് അടിമാലി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഈ സംഭവത്തിലാണ് ഇന്നലെ പോലീസ് അറസ്റ്റുമായി രംഗത്ത് വന്നത്. ഒക്ടോബർ ആദ്യം രാമങ്കരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇരുപത്തിയാറാം തീയതിയാണ് കേസ് അടിമാലി പോലീസിന് കൈമാറിയത്.
അതേസമയം കേസിനെക്കുറിച്ച് അറിവില്ല എന്ന് ദീപാ പി മോഹനൻ പറഞ്ഞു. അടിമാലിയിൽ നിന്നും കോട്ടയത്തെത്തി അറസ്റ്റ് ചെയ്തതിൽ ദുരൂഹത സംശയിക്കുന്നതായും ദീപ പി മോഹനൻ പറഞ്ഞു. സമരം പൊളിയ്ക്കാനുള്ള ആസൂത്രിതനീക്കം ആണോ എന്ന് സംശയമാണ് ദീപ പി മോഹനൻ പങ്കുവെക്കുന്നത്. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്തു വരികയാണ് അടിമാലി പോലീസ്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. പരാതിക്കാരിയുടെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ വിശദമായ മൊഴിയും വൈകാതെ പോലീസ് രേഖപ്പെടുത്തും.
നിരാഹാര സമരവുമായി ബന്ധപ്പെട്ട് വൈസ് ചാൻസിലറുമായുള്ള ചർച്ച പരാജയപ്പെട്ട് മണിക്കൂറുകൾക്കകം റോബിനെ പോലിസ് തട്ടിക്കൊണ്ടുപോവുകയായിരുന്നു വെന്ന് ഭീം ആർമി വൃത്തങ്ങൾ പറഞ്ഞു.