കോട്ടയം:തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിയ്ക്കുന്നതിനായി നൂറുകണക്കിന് വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് കടത്തിയിരുന്ന തീവ്രവാദി നേതാവ് പിടിയില്‍.ഭായി റഫീഖ് എന്ന തൊപ്പി റഫീഖിനെയാണ് വെസ്റ്റ് പോലീസ് അതിസാഹസികമായി പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ടു തൃശൂര്‍ വാടനപ്പള്ളി ഗണേശമംലഗം പുത്തന്‍വീട്ടില്‍ അബ്ദുള്‍ റസാഖിന്റെ മകന്‍ ഇല്യാസ് (37), എറണാകുളം ആലുവ യു.സി കോളജ് ചെറിയംപറമ്ബില്‍ വീട്ടില്‍ അബുവിന്റെ മകന്‍ കെ.എ നിഷാദ് (37) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷവും റഫീഖ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിച്ചെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ഭാഗമായി വാഹനം കടത്തിയ കേസിലാണ് കോട്ടയം വെസ്റ്റ് പോലീസ് റഫീഖിനെ പിടികൂടിയത്.. കേരളത്തില്‍ വിവിധ ഏജന്റുമാര്‍ മുഖേന നൂറുകണക്കിനു കാറുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലേക്കു റഫീഖ് കടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ എത്തിയാല്‍ ഉടന്‍ എന്‍ജിന്‍ നമ്പരും ചേസിസ് നമ്പരും മാറ്റി വണ്ടി പൊളിച്ചു മറ്റു സ്ഥലങ്ങളിലേയ്ക്കു കടത്തുകയാണു പതിവ്.
ഇന്നോവ, എര്‍ട്ടിഗ, എക്സ്.യു.വി. തുടങ്ങി ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങളാണു കടത്തിയിരുന്നത്. മോഷ്ടിച്ചോ, വാടകയ്ക്കെടുത്തോയായിരുന്നു വാഹനങ്ങളുടെ കടത്ത്. കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നു മാത്രം മുപ്പതോളം വാഹനങ്ങള്‍ ഇത്തരത്തില്‍ കടത്തിയതിനും റഫീഖിനെതിരെ കേസുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറിലേറെ വാഹനങ്ങളാണ് ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയത്. പ്രധാനമന്ത്രിയെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതിനും കോയമ്പത്തൂര്‍ കുനിയ മുത്തൂര്‍ പോലീസ് സറ്റേഷനില്‍ റഫീഖിനെതിരെ കേസ് നിലവിലുണ്ട്.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്ന റഫീഖിനെ അറസ്റ്റ് ചെയ്തപിന്നാലെ എന്‍.ഐ.ഐ. ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ചോദ്യം ചെയ്യാനെത്തുമെന്നാണു വിവരം. ഇടനിലക്കാര്‍ പിടിയിലായതു മുതല്‍ കേന്ദ്ര ഏജന്‍സികള്‍ കേസ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയായിരുന്നു. കേസിലെ മറ്റു പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നു പോലീസ് പറഞ്ഞു.റഫീഖിന്റെ അറസ്റ്റ് കേന്ദ്ര ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. റഫീഖിനെ കോടതിയില്‍ ഹാജരാക്കും