തിരുവനന്തപുരം: അനുമതി വാങ്ങാതെ പൊതുവാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ കരുതിയിരിക്കുക. നിങ്ങള്‍ക്ക് പിഴ ചുമത്താന്‍ മോട്ടര്‍ വാഹന വകുപ്പ് പിന്നാലെയുണ്ട്. ഓട്ടോറിക്ഷകള്‍ മുതല്‍ ബസ് വരെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍, കൊടിതോരണങ്ങള്‍, സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ തുടങ്ങി എന്തും നിയമ ലംഘനമാണ്. നിയമം അനുസരിച്ചുള്ള അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചാല്‍ പരസ്യം വയ്ക്കാന്‍ നിശ്ചിത അളവില്‍ അനുമതി നല്‍കും.
ഓട്ടോറിക്ഷകളുടെ മുകളിലെ റെക്‌സിന്‍ നിറം മാറ്റം ഇപ്പോള്‍ വ്യാപകമാണ്. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള ആഭിമുഖ്യമാണ് ഇതിനു പിന്നില്‍. തിരഞ്ഞെടുപ്പ് പ്രചാരണ വാക്യമായ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നെഴുതിയ ഓട്ടോറിക്ഷകള്‍ ഒട്ടേറെ നിരത്തിലുണ്ട്. ഓട്ടോറിക്ഷകളില്‍ കറുപ്പ്, മഞ്ഞ എന്നീ കളറുകള്‍ ഉപയോഗിക്കുന്നതിനാണ് നിയമപരമായ അനുമതി.
എന്നാല്‍ ഓട്ടോറിക്ഷയുടെ മെറ്റല്‍ ഭാഗത്തിലാണ് ഇത്തരം കളറുകള്‍ ഉപയോഗിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ മുകളിലെ റെക്‌സിന് ഏത് കളര്‍ വേണമെന്ന് നിബന്ധനയില്ല. എന്നാല്‍ ഇതില്‍ എന്തെങ്കിലും പേരുകളോ ചിഹ്നങ്ങളോ ചിത്രങ്ങളോ അനുമതി ഇല്ലാതെ ഉണ്ടെങ്കില്‍ പിഴ ചുമത്താം.
സ്വകാര്യ വാഹനങ്ങളില്‍ ഒരു തരത്തിലും പരസ്യങ്ങളും രാഷ്ട്രീയ പരസ്യങ്ങളും പതിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ലംഘിച്ചാല്‍ 1000 രൂപ വരെ പിഴ ചുമത്താം. ഗതാഗതവകുപ്പ് ഓഫിസുകളില്‍ പരസ്യം പതിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് അനുമതി വാങ്ങിയാല്‍ പൊതുവാഹനങ്ങളില്‍ പരസ്യം പതിക്കാം. ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പരസ്യം പതിക്കുന്നതിന് 500 രൂപയാണ് അടയ്‌ക്കേണ്ടത്. പരസ്യം മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം.