മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഊബര്‍ ഡ്രൈവറെ ആക്രമിച്ച് വനിതാ യാത്രക്കാരി; വീഡിയോ വൈറല്‍

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് ഊബര്‍ ഡ്രൈവറെ വനിതാ യാത്രക്കാരി ആക്രമിച്ചതായി പരാതി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്. നേപ്പാളില്‍ നിന്നുള്ള ഊബര്‍ ഡ്രൈവറാണ് മോശം പെരുമാറ്റിന് ഇരയായത്. എബിസി 7 ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ഡിയോണ്‍ ലിം ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

മാര്‍ച്ച് എട്ടിന് കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കൊ ബേവ്യൂ ഏരിയയില്‍ നിന്നാണ് മൂന്ന് സ്ത്രീകള്‍ ഊബര്‍ ബുക്ക് ചെയ്തത്. നേപ്പാളുകാരനായ ഡ്രൈവര്‍ സുഭാകര്‍ ഖഡ്കയാണ് യാത്രക്കാരെ കൊണ്ടുപോയത്. യാത്രക്കിടെ മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് ഡ്രൈവര്‍ പറയുന്നു.

മാസ്‌ക് ധരിക്കാന്‍ തയ്യാറാകാതെവന്നതോടെ താന്‍ സവാരി റദ്ദാക്കുന്നുവെന്നും യാത്രക്കാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങണമെന്നും ഡ്രൈവര്‍ ആവശ്യപ്പെട്ടു. വൈറലായ വീഡിയോയില്‍ സ്ത്രീകള്‍ മോശം ഭാഷ ഉപയോഗിക്കുന്നതും ഡ്രൈവറുടെ ഫോണ്‍ പിടിച്ചുവാങ്ങുന്നതും മാസ്‌ക് വലിച്ചൂരുന്നതും കാണാം. ഡ്രൈവര്‍ക്കെതിരേ യാത്രക്കാരികള്‍ കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചിട്ടുണ്ട്.

സംഭവത്തിനുശേഷം നെഞ്ചുവേദന അനുഭവപ്പെട്ട സുഭാകര്‍ നിലവില്‍ അവധിയിലാണ്. സംഭവം വിവാദമായതോടെ ഊബറും പ്രസ്താവനയുമായി രംഗത്തെത്തി. വീഡിയോയില്‍ കാണുന്ന പെരുമാറ്റം മോശമാണെന്നും യാത്രക്കാരെ ഇനി ഊബറില്‍ പ്രവേശിപ്പിക്കില്ലെന്നും ഊബര്‍ പ്രതിനിധി അറിയിച്ചു. കാറിന്റെ ഇന്റീരിയര്‍ ഫാബ്രിക്കിലെ സ്‌പ്രേ നീക്കം ചെയ്തതിന് നഷ്ടപരിഹാരമായി 120 യുഎസ് ഡോളര്‍ നല്‍കുമെന്നും ഊബര്‍ പറഞ്ഞു.

സുഭാകറിന്റെ ജോലി നഷ്ടം നികത്തുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനുമായി സിയാന്‍ ബാനിസ്റ്റര്‍ എന്നയാള്‍ ആരംഭിച്ച ധനസമാഹരണത്തില്‍ 27,319 യുഎസ് ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. അതിനിടെ സുഭാകറിനെ ആക്രമിച്ച യുവതി തനിക്ക് തോക്കുണ്ടായിരുന്നുവെങ്കില്‍ ഡ്രൈവറെ വെടിവക്കുമായിരുന്നെന്നും സംഭവത്തില്‍ മാപ്പ് പറയില്ലെന്നും ഊബറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞ് രംഗത്ത് എത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News