മലപ്പുറം: പലസ്തീനൊപ്പമാണ് താനെന്ന് ശശി തരൂര്‍ ആണയിട്ടു പറയുന്നുണ്ടെന്നും അതിനെയാണ് വിലമതിക്കേണ്ടതെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. തരൂരിന്റെ പ്രസ്താവന അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അത് വിശദീകരിക്കാന്‍ കെല്‍പ്പുള്ള ആളാണ് തരൂരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലെ മുഖ്യാതിഥി ശശി തരൂരിന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
റാലിക്ക് വലിയ ലക്ഷ്യങ്ങളുണ്ട്. അത് നിറവേറ്റി എന്ന ചാരിതാര്‍ഥ്യത്തിലാണ് മുസ്ലിം ലീഗ്. ഗൗരവമുള്ള വിഷയം തികഞ്ഞ അച്ചടക്കത്തോടെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് വലിയ റാലി നടത്തി അന്തര്‍ദേശീയ തലത്തിലെ കൂടിച്ചേരലാക്കി മാറ്റി. അന്താരാഷ്ട്രാതലത്തില്‍ റാലി ചര്‍ച്ച ചെയ്യപ്പെടുകയാണ്.
പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തെ ആരും ചെറുതായികാണാനോ വക്രീകരിക്കാനോ ശ്രമിക്കണ്ട. ഒറ്റ റാലികൊണ്ട് എല്ലാം തീരുന്നില്ല. റാലിയിലെ കുറ്റവും കുറവും നോക്കുന്നതിന് പകരം വിമര്‍ശിക്കുന്നവരും പിന്തുണയുമായി രംഗത്തുവരട്ടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെക്കേ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ റാലിയെക്കുറിച്ച് അന്തര്‍ദേശീയ മാധ്യമങ്ങളടക്കം ചര്‍ച്ച ചെയ്യുമ്പോള്‍ പ്രാദേശികമായ രാഷ്ട്രീയം അതില്‍ കയറ്റി അതിന്റെ വലിയ ലക്ഷ്യങ്ങളെ പരാജയപ്പെടുത്താന്‍ ആരു ശ്രമിച്ചാലും അത് പലസ്തീന്‍ ജനതയോടുള്ള അവരുടെ നിലപാടാണ് വ്യക്തമാവുന്നത്. അന്തര്‍ദേശീയ തലത്തില്‍ പൊതു അഭിപ്രായം ഉണ്ടാക്കാന്‍ വേണ്ടിയാണ് തരൂരിനെ പരിപാടിയില്‍ പങ്കെടുപ്പിച്ചത്.
അദ്ദേഹം പലസ്തീനൊപ്പമാണെന്ന് ഇന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു വരിയില്‍പ്പിടിച്ച് അത് വലിയ കാര്യമാക്കുന്നവര്‍ പലസ്തീനൊപ്പമെന്ന നിലപാടിനെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്. മറ്റാര്‍ക്കെങ്കിലും ഇങ്ങനെയൊരു ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിക്കാന്‍ പറ്റുമോ എന്ന് നോക്കൂ, സംഘടിപ്പിച്ചാല്‍ സന്തോഷമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘വരികള്‍ക്കിടിയില്‍, അവിടെ കുത്ത്, ഇവിടെ പുള്ളി എന്നൊക്കെ പറഞ്ഞ്, അതിന് വലുപ്പം കൊടുക്കുന്നവര്‍ പലസ്തീന്‍ ജനതയെ ചെറുതാക്കി കാണിക്കാന്‍ ശ്രമിക്കുകയാണ്. ബോംബ് വീണുകൊണ്ടിരിക്കുന്ന അവിടെത്തെ ജനതയോട് വല്ല അനുഭാവവും ഉണ്ടെങ്കില്‍ ഞങ്ങള്‍ നടത്തിയതുപോലെയുള്ള പിന്തുണ അവര്‍ക്ക് കിട്ടാന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ സംഘടനകളും മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ചെയ്യണം.
പലസ്തീന്‍ ഐക്യദാര്‍ഢ്യത്തെ പരാജയപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന പണിയാണ് നടക്കുന്നതെന്ന് മനസിലാക്കുന്നുണ്ട്. ഞങ്ങള്‍ക്ക് കളി മനസിലായി. പലസ്തീന്‍ ഐക്യദാര്‍ഢ്യത്തെ തകര്‍ക്കാന്‍ വേണ്ടി ചില കേന്ദ്രങ്ങള്‍ നടത്തുന്ന പരിപാടിയാണ്, അവര് ആ പരിപാടി നിര്‍ത്തുന്നതാണ് നല്ലത്. ചില കേന്ദ്രങ്ങള്‍ വിവാദമുണ്ടാക്കി പലസ്തീന്‍ ഐക്യദാര്‍ഢ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.
അത് സംഘടിതമായി ഇല്ലാതാക്കണം. ഐക്യാദാര്‍ഢ്യത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ അജന്‍ഡ ഞങ്ങള്‍ക്ക് മനസിലാവുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. പിന്നില്‍ ആരാണെന്ന് താനേ വ്യക്തമാവും’, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.