ന്യൂഡൽഹി: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. തന്റെ ഔദ്യോഗിക എക്സ് പേജിലൂടെ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. ടൂർണമെന്റിൽ ഉടനീളം അസാധാരണമായ പ്രകടനമാണ് താരങ്ങൾ കാഴ്ചവച്ചത്. ഈ നേട്ടത്തിന്റെ ഭാഗമായ എല്ലാ താരങ്ങളെയും കോച്ചുമാരെയും മറ്റു സ്റ്റാഫുകളെയും അഭിനന്ദിക്കുന്നതായുംജയ് ഷാ ട്വീറ്റ് ചെയ്തു.
I am pleased to announce prize money of INR 125 Crores for Team India for winning the ICC Men’s T20 World Cup 2024. The team has showcased exceptional talent, determination, and sportsmanship throughout the tournament. Congratulations to all the players, coaches, and support… pic.twitter.com/KINRLSexsD
— Jay Shah (@JayShah) June 30, 2024
ഇന്നലെ ബാർബഡോസിലെ കെൻസിങ്ടൻ ഓവലിൽ നടന്ന ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിനു തോൽപിച്ചാണ് ഇന്ത്യ ലോകകിരീടം ചൂടിയത്. വിരാട് കോലി (59 പന്തിൽ 76 റൺസ്), അക്ഷർ പട്ടേൽ (31 പന്തിൽ 47) എന്നിവരുടെ മികച്ച ഇന്നിങ്സുകളും ജസ്പ്രീത് ബുമ്രയുടെ (2–18) നേതൃത്വത്തിൽ ബോളിങ് നിരയുടെ ഉജ്വല പ്രകടനവുമാണ് ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്.
കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ടൂർണമെന്റിലാകെ 15 വിക്കറ്റ് നേടിയ ബുമ്ര പ്ലെയർ ഓഫ് ദ് സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. വിജയത്തിനു പിന്നാലെ വിരാട് കോലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ ട്വന്റി 20 ഫോർമാറ്റിൽനിന്ന് വിരമിക്കലും പ്രഖ്യാപിച്ചു.