തന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് മാധ്യമങ്ങളെ പഴിചാരി നടൻ ബാല. കുടുംബജീവിതം രണ്ടാമതും തകർന്നെന്നും ഇതിന് കാരണം മാധ്യമങ്ങളാണെന്നും ബാല ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പറയുന്നു.
‘കുടുംബ ജീവിതം രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഊ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി. ഒരു കാര്യം പറയാം എന്നെക്കാളും നല്ല വ്യക്തിയാണ് എലിസബത്ത്. അവർ ഡോക്ടറാണ്. അവർക്ക് കുറച്ച് മനസമാധാനം കൊടുക്കണം. വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണ്. എനിക്കും നാവ് ഉണ്ട്. പക്ഷേ സംസാരിച്ചാൽ ശരിയാകില്ല. എന്നെ അതിന് നിർബന്ധിക്കരുത്. വളരെ നന്ദിയുണ്ട്.’ ബാലയുടെ വാക്കുകൾ ഇങ്ങനെ.
ബാലയും ഭാര്യ എലിസബത്തും വേർപിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹങ്ങൾ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയായാണ് ബാല തന്നെ രംഗത്തെത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് എലിസബത്തുമായി ബാലയുടെ വിവാഹം നടന്നത്. ഇവരുടെ വിവാഹം മാധ്യമങ്ങൾ ഏറെ ആഘോഷമാക്കിയിരുന്നു.