31.1 C
Kottayam
Monday, April 29, 2024

ഗുജറാത്തിൽ ‘ഗ‍ർബ നൃത്തം’ കാണാനെത്തിയ മുസ്ലിം യുവാക്കൾക്ക് മർദ്ദനം, ആക്രമിച്ചത് ബജ്‍രംഗ്‍ ദൾ പ്രവർത്തകർ

Must read

അഹമ്മദാബാദ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ നൃത്തം കാണാൻ എത്തിയ മുസ്ലിം യുവാക്കൾക്ക് നേരെ ആക്രമണം. ബജരംഗ്‍ ദൾ പ്രവർത്തകരാണ് യുവാക്കളെ ആക്രമിച്ചത്. സ്ത്രീകളെ ആക്രമിക്കാനും മോഷണം നടത്താനും എത്തിയവരെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അഹമ്മദാബാദിലെ എസ്‍പി റിങ്ങ് റോഡിനടുത്തുള്ള മൈതാനത്ത് ആയിരുന്നു സംഭവം. അതേസമയം സംഭവത്തിൽ കേസെടുത്തില്ലെന്ന് പൊലീസ് വ്യക്തമാക്കി. പരാതികളൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് കേസെടുക്കാത്തതെന്നും പൊലീസ് വിശദീകരിച്ചു. ഗർബ നൃത്തം നടക്കുന്ന ഇടങ്ങളിൽ പരിശോധന തുടരുമെന്ന്  ബജരംഗ്‍ ദൾ വ്യക്തമാക്കിയിട്ടുണ്ട്.

നവരാത്രി ആഘോഷത്തിൽ നൃത്തപ്പന്തലിലെത്തുന്നവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് സർക്കാർ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് ഗർബ (പ്രത്യേകതരം നൃത്തം) സംഘാടകർക്ക് സർക്കാർ നിർദേശം നൽകി. നൃത്തവേദികൾ ലവ് ജിഹാദിന് ഉപയോഗിക്കുന്നു എന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സാംസ്‌കാരിക വകുപ്പു മന്ത്രി ഉഷ താക്കൂർ ആരോപിച്ചിരുന്നു.

‘മാ ദുർഗയുടെ ആരാധനാ ആഘോഷമായ നവരാത്രി വിശ്വാസത്തിന്റെ കേന്ദ്രമാണ്. വിശുദ്ധ മുഹൂർത്തത്തിലെ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാൻ സംഘാടകർ വരുന്നവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കണം’ – ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

തിങ്കളാഴ്ചയാണ് ഒമ്പതു ദിനം നീണ്ട നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചത്. ആഘോഷത്തിന്റെ പ്രധാന ഇനമാണ് പരമ്പരാഗത ഗർബ നൃത്തം.

ഗർബ നൃത്തച്ചടങ്ങുകളിൽ ലവ് ജിഹാദ് നടക്കുന്നതായി ആരോപിച്ച മന്ത്രി ഉഷ താക്കൂർ ചടങ്ങിൽ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുമെന്നും അറിയിച്ചിരുന്നു. ‘ഗർബ സംഘാടകർ കരുതിയിരിക്കണം. ഗർബ ചടങ്ങുകൾക്ക് വരുന്നവർ തിരിച്ചറിയൽ കാർഡ് കാണിക്കണം. ഐഡി കാർഡ് ഇല്ലാതെ ആരെയും പ്രവേശിപ്പിക്കരുത്. എല്ലാവർക്കുമുള്ള ഉപദേശമാണിത്. ഗർബകൾ ലവ് ജിഹാദിന്റെ മാർഗമായി മാറിയിട്ടുണ്ട്’ – എന്നിങ്ങനെയായിരുന്നു അവരുടെ പ്രസ്താവന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week