ബാഗിലുള്ള പണം എടുത്തോ, പക്ഷെ ആ ലാപ്‌ടോപ്പ് തിരികെ നല്‍കണം; അപേക്ഷയുമായി ഗവേഷക വിദ്യാര്‍ത്ഥി
തൃശൂര്‍: ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടുപോയ ബാഗിനായി കേഴുകയാണ് കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായ പി. മജീദ്. ഏഴു വര്‍ഷം നീണ്ട ഗവേഷണത്തിന്റെ കണ്ടെത്തലുകളും പി.എച്ച്.ഡിക്കു വേണ്ടി തയാറാക്കിയ പ്രബന്ധവുമെല്ലാം അടങ്ങിയ ലാപ്‌ടോപ്പും രേഖകളും അടങ്ങിയ മജീദിന്റെ ബാഗാണ് യാത്രാമധ്യേ നഷ്ടപ്പെട്ടത്. ഗവേഷണവുമായി ബന്ധപ്പെട്ട പ്രീ സബ്മിഷന്‍ പ്രസേന്റേഷന്‍ കഴിഞ്ഞ് മടങ്ങുന്ന വഴി വിദ്യാര്‍ത്ഥിയുടെ ബാഗ് ആരോ മോഷ്ടിക്കുകയായിരുന്നു.
ബാഗിലെ പണവും മറ്റുമെടുത്താലും കുഴപ്പമില്ല. എന്നാല്‍ ആ ലാപ്‌ടോപ്പും രേഖകളും തിരികെ തന്നാല്‍ മാത്രം മതിയെന്നാണ് മജീദിന്റെ അഭ്യര്‍ത്ഥന. തൃശൂര്‍ – കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്. ലാപ്‌ടോപ്പും പെന്‍ഡ്രൈവും തിരിച്ചു കിട്ടിയില്ലെങ്കില്‍ നീണ്ട ഏഴുവര്‍ഷത്തെ മജീദിന്റെ കഷ്ടപ്പാടുകള്‍ പാഴാകും. മലപ്പുറം ജില്ലയിലെ പുത്തനത്താണി ബസ് സ്റ്റോപ്പില്‍ വച്ച് ആരോ മജീദിന്റെ ബാഗ് എടുത്തുകൊണ്ടുപോയെന്നാണു അന്വേഷണത്തില്‍ മനസിലായത്.
അമേരിക്കന്‍ ടൂറിസ്റ്ററിന്റെ കറുത്ത ബാഗാണ് നഷ്ടപ്പെട്ടത്. പകരം മറ്റൊരു ബാഗ് ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. വീടിന്റെ താക്കോലും ബാഗിലുണ്ടായിരുന്നു. മദീജുമായി ബന്ധപ്പെടേണ്ട നമ്ബര്‍: 9809243709.