മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനാണ് ശിവസേനാ പാര്‍ട്ടിയുടെ പേരും ചിഹ്നവുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. ഇതോടെ ഉദ്ധവ് താക്കറെ നയിക്കുന്ന വിഭാഗത്തിന് വലിയ തിരിച്ചടിയായി.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പേരും, ചിഹ്നമായ അമ്പും വില്ലും ഇനി മുതല്‍ ഷിന്‍ഡേ വിഭാഗത്തിനുപയോഗിക്കാം. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് പാര്‍ട്ടി വിജയിച്ച വോട്ടുകളില്‍ 76 ശതമാനവും ഷിന്‍ഡേ വിഭാഗത്തിലുള്ള എം.എല്‍.എമാര്‍ക്കൊപ്പമാണ്. ഉദ്ധവ് പക്ഷത്തിനുള്ളത് വെറും 23.5 ശതമാനം വോട്ടുകളാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം മുതല്‍ പാര്‍ട്ടി ചിഹ്നത്തിനായി ഇരുവിഭാഗവും അവകാശവാദമുയര്‍ത്തിയിരുന്നു. ഇതോടെ തത്ക്കാലത്തേക്ക് പാര്‍ട്ടി ചിഹ്നം മരവിപ്പിച്ച് ഇരുവിഭാഗത്തിനും പുതിയ ചിഹ്നം നല്‍കാന്‍ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.
2022 ജൂണിലാണ് ഏക്‌നാഥ് ഷിന്‍ഡെ പാര്‍ട്ടി പിളര്‍ത്തി ബി.ജെ.പിയുടെ സഹായത്തോടെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്.