ബുള്‍ബുള്‍ ചുഴലിക്കാറ്റിനിടെ ജനനം; കുഞ്ഞിന് ‘ബുള്‍ബുള്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

കൊല്‍ക്കത്ത: ബുള്‍ബുള്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനിടെ ജനിച്ച കുഞ്ഞിന് ബുള്‍ബുളെന്ന് പേരിട്ട് മാതാപിതാക്കള്‍. മിഡ്‌നാപുര്‍ സ്വദേശികളായ ദമ്പതികള്‍ക്കാണ് കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിട്ടത്. ശനിയാഴ്ചയാണ് സിപ്ര എന്ന യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ചയാണ് സിപ്രയ്ക്ക് ഡോക്ടര്‍മാര്‍ ഡേറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ശനിയാഴ്ച വൈകിട്ട് 5.20 ഓടെ സിപ്രയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

ബുള്‍ബുള്‍ ചുഴലിക്കാറ്റ് മൂലം കനത്ത മഴയും ഇരുണ്ട് മൂടിയ കാലവസ്ഥയുമായിരുന്നു അപ്പോള്‍. ഹൈവേയിലൂടെയുള്ള യാത്ര വളരെ ദുഷ്‌കരവുമായിരുന്നു. ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ സിപ്രയെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോവുകയും ചെയ്തു. 8.50 ഓടെ സിപ്രിയ കുഞ്ഞിന് ജന്മം നല്‍കി.

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഭര്‍ത്താവും അച്ഛനും ചേര്‍ന്നാണ് കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിടാന്‍ തീരുമാനിച്ചതെന്ന് സിപ്ര പറയുന്നു. ‘കഠിനമായ വേദനയിലായതിനാല്‍ എനിയ്ക്ക് അപ്പോള്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ എനിക്ക് ഈ ഐഡിയ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഡോക്ടര്‍ കുട്ടിയെ എന്നെ കാണിക്കുകയും പേരിനെക്കുറിച്ച് ചിന്തിച്ചിരുന്നോ എന്ന് ചോദിക്കുകയും ചെയ്തപ്പോള്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.’ സിപ്ര കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News