CricketNewsSports

ഒടുവിൽ പാക്കിസ്ഥാൻ വീണു,ഓസ്ട്രേലിയ ഫൈനലിൽ

ദുബായ്:ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമിയിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽകണ്ട ഓസീസിനെ ആറാം വിക്കറ്റിൽ ഒന്നിച്ച മാർക്കസ് സ്റ്റോയ്നിസ് – മാത്യു വെയ്ഡ് സഖ്യമാണ് വിജയത്തിലെത്തിച്ചത്.പാകിസ്താൻ ഉയർത്തിയ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ആറു പന്തുകൾ ശേഷിക്കേ ഓസ്ട്രേലിയ മറികടന്നു.

നവംബർ 14-ന് നടക്കുന്ന ഫൈനലിൽ ഓസീസ്, ന്യൂസീലൻഡിനെ നേരിടും.ഒരു ഘട്ടത്തിൽ അഞ്ചിന് 96 റൺസെന്ന നിലയിൽ തോൽവി മുന്നിൽ കണ്ട ഓസീസിനെ ആറാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്ത മാർക്കസ് സ്റ്റോയ്നിസ് – മാത്യു വെയ്ഡ് സഖ്യമാണ് അവിശ്വസനീയ ജയം സമ്മാനിച്ചത്.

സ്റ്റോയ്നിസ് 31 പന്തിൽ നിന്ന് 2 സിക്സും 2 ഫോറുമടക്കം 40 റൺസോടെയും വെയ്ഡ് 17 പന്തിൽ നിന്ന് നാലു സിക്സും രണ്ടു ഫോറുമടക്കം 41 റൺസോടെയും പുറത്താകാതെ നിന്നു. ഷഹീൻ ഷാ അഫ്രീദി എറിഞ്ഞ 19-ാം ഓവറിൽ മൂന്ന് സിക്സറുകൾ നേടിയ വെയ്ഡാണ് ഓസീസിന് തകർപ്പൻ ജയം സമ്മാനിച്ചത്.

നാല് ഓവറിൽ 26 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ഷതാബ് ഖാന് പാകിസ്താനായി തിളങ്ങി. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ എന്നീ നിർണായക വിക്കറ്റുകളാണ് ഷതാബ് വീഴ്ത്തിയത്. ട്വന്റി 20 ലോകകപ്പ് സെമിയിൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മൂന്നാം പന്തിൽ തന്നെ തിരിച്ചടിയേറ്റു. ഷഹീൻ അഫ്രീദിയുടെ പന്തിൽ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (0) പുറത്ത്. എന്നാൽ പിന്നീട് ഡേവിഡ് വാർണറും മിച്ചൽ മാർഷും ഒന്നിച്ചതോടെ ഓസീസ് സ്കോർ കുതിച്ചു.

രണ്ടാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം പാകിസ്താനെ പ്രതിരോധത്തിലാക്കി. എന്നാൽ 22 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റൺസെടുത്ത മാർഷിനെ മടക്കി ഷതാബ് ഖാൻ പാകിസ്താന് ബ്രേക്ക്ത്രൂ സമ്മാനിച്ചു.

തുടർന്ന് ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിന് അഞ്ചു റൺസ് മാത്രമേ നേടാനായുള്ളൂ. എന്നാൽ 11-ാം ഓവറിലാണ് പാകിസ്താന് നിർണായകമായ വിക്കറ്റ് ലഭിക്കുന്നത്. 30 പന്തുകൾ നേരിട്ട് മൂന്ന് വീതം സിക്സും ഫോറുമടക്കം 49 റൺസെടുത്ത വാർണറെ ഷതാബ് മടക്കി. വാർണറെ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. എന്നാൽ പന്ത് വാർണറുടെ ബാറ്റിൽ തട്ടിയിരുന്നില്ലെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. പക്ഷേ താരം റിവ്യൂ എടുക്കാതിരുന്നതോടെ പാകിസ്താൻ നിർണയകമായ വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു. പിന്നാലെ കൂറ്റനടികളുമായി വെല്ലുവിളിയായേക്കാമായിരുന്ന ഗ്ലെൻ മാക്സ്വെല്ലിനെയും (7) ഷതാബ് വീഴ്ത്തിയതോടെ ഓസീസ് പ്രതിരോധത്തിലായി.പക്ഷേ തുടർന്ന് സ്റ്റോയ്നിസും വെയ്ഡും ക്രീസിലൊന്നിച്ചതോടെ കഥമാറി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക് നിര നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തിരുന്നു.മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, ക്യാപ്റ്റൻ ബാബർ അസം എന്നിവരുടെ ഇന്നിങ്സുകളാണ് പാകിസ്താനെ മികച്ച സ്കോറിലെത്തിച്ചത്.

52 പന്തിൽ നിന്ന് നാലു സിക്സും മൂന്ന് ഫോറുമടക്കം 67 റൺസെടുത്ത മുഹമ്മദ് റിസ്വാനാണ് ടീമിന്റെ ടോപ് സ്കോറർ. ടൂർണമെന്റിൽ താരത്തിന്റെ മൂന്നാം അർധ സെഞ്ചുറിയായിരുന്നു ഇത്. ഇന്നിങ്സിന്റെ തുടക്കത്തിൽ രണ്ടു തവണ ഓസീസ് ഫീൽഡർമാർ റിസ്വാന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു.എന്നാൽ റിസ്വാനേക്കാൾ ഓസീസ് ബൗളർമാരെ വെള്ളംകുടിപ്പിച്ചത് ഫഖർ സമാനായിരുന്നു. 32 പന്തുകൾ നേരിട്ട താരം നാലു സിക്സും മൂന്ന് ഫോറുമടക്കം 55 റൺസോടെ പുറത്താകാതെ നിന്നു. സമാന്റെ ക്യാച്ച് സ്റ്റീവ് സ്മിത്ത് നഷ്ടപ്പെടുത്തിയതിന് ഓസീസിന് അവസാന ഓവറുകളിൽ വലിയ വിലകൊടുക്കേണ്ടി വന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനായി ഓപ്പണർമാരായ ബാബർ അസമും മുഹമ്മദ് റിസ്വാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 10 ഓവറിൽ ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. 34 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 39 റൺസെടുത്ത ബാബറിനെ മടക്കി ആദം സാംപയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

എന്നാൽ രണ്ടാം വിക്കറ്റിൽ ഫഖർ സമാനെ കൂട്ടുപിടിച്ച് റിസ്വാൻ സ്കോർ ഉയർത്തി. 72 റൺസാണ് ഈ കൂട്ടുകെട്ട് പാകിസ്താൻ സ്കോറിലേക്ക് ചേർത്തത്. 18-ാം ഓവറിൽ റിസ്വാനെ മടക്കി മിച്ചൽ സ്റ്റാർക്കാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.തൊട്ടുപിന്നാലെ വമ്പനടിക്കാരൻ ആസിഫ് അലിയെ (0) പാറ്റ് കമ്മിൻസ് മടക്കി. തുടർന്നെത്തിയ ഷുഐബ് മാലിക്കിനും (1) തിളങ്ങാനായില്ല. എന്നാൽ തുടക്കത്തിലെ മെല്ലെപ്പോക്ക് മറികടന്ന് ഡെത്ത് ഓവറുകളിൽ തകർത്തടിച്ച സമാനാണ് പാകിസ്താനെ 176 റൺസിലെത്തിച്ചത്.

ഓസീസിനായി സ്റ്റാർക്ക് 2 വിക്കറ്റ് വീഴ്ത്തി.നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ, പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker