കോഴിക്കോട്: കോഴിക്കോട് ക്വട്ടേഷൻ സംഘത്തിന്റെ ലൈംഗികാതിക്രമത്തിൽ നിന്ന് 16കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ 16കാരനാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റിലായി. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പുലര്‍ച്ചെ സുഹൃത്തുക്കളുമായി കോഴിക്കോട് ബീച്ചില്‍ കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ക്വട്ടേഷൻ തലവനായ നൈനൂക്ക് ശ്രമിച്ചു.
തടയാന്‍ ശ്രമിച്ച മറ്റു കുട്ടികളെ ഉപദ്രവിക്കുകയും കടലില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാൽ ആളുകൾ കൂടിയതോടെ ഇയാൾ മുങ്ങി. പരാതിയെ തുടർന്ന് നൈനൂക്കിന്റെ പന്നിയങ്കരയിലെ വീട്ടില്‍ നിന്ന് സാഹസികമായാണ് പൊലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്.
പൊലീസെത്തി വീട് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആയുധങ്ങള്‍ കൈയിലേന്തിയാണ് പ്രതികൾ പൊലീസിനെ വെല്ലുവിളിച്ചത്. ഒടുവിൽ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
പൊലീസിന്റെ വാഹനവും സംഘം അടിച്ചു തകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ആയുധവുമായി ആക്രമിച്ചു, വാഹനം തകര്‍ത്തു എന്നീ സംഭവത്തില്‍ പന്നിയങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്.