24.8 C
Kottayam
Wednesday, May 15, 2024

അട്ടപ്പാടി മധുകൊലക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

Must read

കൊച്ചി : അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയാണ് പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കാൻ വിചാരണ കോടതി ഉത്തരവിട്ടത്.എന്നാൽ പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി പുനപരിശോധിക്കാനോ തിരുത്താനോ കീഴ്ക്കോടതികൾക്ക് അനുവാദമില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചൂണ്ടികാട്ടിയിരുന്നു.ഈ നിയമപ്രശനം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ കോടതി ഉത്തരവും ഇന്ന് വരെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. സാക്ഷികളെ സ്വാധീനിച്ചതടക്കമുള്ള കാര്യങ്ങളിൽ പ്രോസിക്യൂഷന്‍റെ അടക്കം വിശദീകരണം കേട്ടാകും ഇനി ജാമ്യക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക.

ഹ‍ർജി പരിഗണിക്കവേ, സാക്ഷികളെ സ്വാധീനിച്ചെന്നത് വ്യാജ പ്രചാരണമാണെന്ന് പ്രതിഭാഗം വാദിച്ചു. സാക്ഷികളെ സ്വാധീനിച്ചു എന്നതിന് പ്രോസിക്യൂഷനും പൊലീസിനും തെളിവ് ഹാജരാക്കാൻ ആയിട്ടില്ല. വിചാരണയിൽ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. സ്വാധീനിച്ചു എന്ന് ഒരു സാക്ഷി പോലും എന്ന് പരാതി നൽകിയിട്ടില്ല എന്ന് ഹർജിക്കാർ വാദിച്ചു. പൊലീസ് നടപടി  മുഖം രക്ഷിക്കാനാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു പ്രതികൾ ആവശ്യപ്പെട്ടത്. രണ്ടാം പ്രതി മരയ്ക്കാറും, അ‍ഞ്ചാം പ്രതി രാധാകൃഷ്ണനുമാണ് വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 

രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, നാലാം പ്രതി അനീഷ്, അ‍ഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് വിചാരണ കോടതി റദ്ദാക്കിയത്. അതേസമയം ഒന്നാം പ്രതി ഹുസൈൻ, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദിഖ്, പതിനഞ്ചാം പ്രതിബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week